Spread the love

കൊച്ചി :പച്ചാളത്ത് റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. നോര്‍ത്ത് റെയിൽവെ സ്റ്റേഷനു സമീപമുള്ള പച്ചാളം റെയിൽവെ ഗേറ്റിനടുത്താണ് സംഭവം. ഇതിനു സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിച്ചിതറിയ നിലയിലാണുള്ളത്.

ആട്ടുകല്ലുണ്ടായിരുന്നത് ട്രാക്കിന്‍റെ നടുക്കാണ്. ആട്ടുകല്ലിനു അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിനു മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ പൊലീസിൽ അറിയിച്ചത്. ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു.

ട്രാക്കിന്‍റെ നടുവിൽ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.