അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാലുവർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ചെയ്തു. തച്ചങ്കരി സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
കോട്ടയം വിജിലൻസ് കോടതി വിധിക്കെതിരെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 18 മുതലാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്.
2003 ജനുവരി 1 മുതല് 2007 ജൂലൈ 7 വരെയുള്ള കാലയളവില് 64 ലക്ഷം രൂപ വിലമതിക്കുന്ന, വരവില് കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. സ്ഥലം വാങ്ങിയ വകയില് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്ക്കാരിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തല് വിജിലന്സ് കോടതി ശരിവച്ചിരുന്നു.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല് 2007 ജൂലൈ വരെയുള്ള കാലയളവില് 64,70,891 രൂപ സമ്പാദിച്ചു എന്ന് വിജിലന്സ് കണ്ടെത്തിയിരുന്നു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര് വരുമാനം കണക്കാക്കിയതില് വലിയ പിഴവുകള് വരുത്തിയെന്നും തന്നെ കള്ളക്കേസില് കുടുക്കിയതാണെന്നുമായിരുന്നു ടോമിന് തച്ചങ്കരിയുടെ വാദം.

