അബുദാബി∙ അബുദാബിയിൽ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അമ്മയും കൗമാരക്കാരനായ മകനും ദാരുണമായി മരിച്ചു. അഷിമ ചൗധരി (48), മകൻ അരിത്ര ബിശ്വാസ് (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി അബുദാബി അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപമായിരുന്നു സംഭവം. കാറോടിച്ചിരുന്ന പിതാവിനും അപകടത്തിൽ പരിക്കേറ്റു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ഒത്തുചേരലിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം കാറിന്റെ പിന്നിൽ ഇടിച്ചതായാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സുരക്ഷാവേലിയിൽ ഇടിച്ച് മറിയുകയായിരുന്നു. അഷിമയും മകനും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറോടിച്ചിരുന്ന അഷിമയുടെ ഭർത്താവ് സ്വരൂപ് കാന്തി ബിശ്വാസിന് പരിക്കേറ്റു.
2003 മുതൽ അബുദാബിയിൽ താമസിക്കുന്ന സ്വരൂപ് എൻജിനീയറാണ്. അഷിമ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികളുടെ മൂത്ത മകൾ ദുബായിലെ കോളേജിലാണ് പഠിക്കുന്നത്. അപകടസമയത്ത് മകൾ വീട്ടിലായിരുന്നു.
മരിച്ച അമ്മയുടെയും മകന്റെയും സംസ്കാരച്ചടങ്ങുകൾ യുഎഇയിൽ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

