
സാമൂഹ്യ നന്മയ്ക്കായി വിട്ടുവീഴ്ചഇല്ലാത്ത പോരാട്ടം,പൊതുപ്രവർത്തകരിലെഅത്ഭുതമാണ് ഡിജോ കാപ്പൻ
പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഡിജോ കാപ്പൻറെ ഉറ്റ സുഹൃത്തുമായചെറുകര സണ്ണി ലൂക്കോസ്അനുസ്മരിക്കുന്നു

ഡിജോ കാപ്പൻ എന്നെ സംബന്ധിച്ചിടത്തോളം ഒരു സുഹൃത്ത് മാത്രമല്ല.സഹോദര തുല്യമായ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. ഒരുപക്ഷേ വാക്കുകൾക്ക് അതീതമായ അനിർവചനീയ ആത്മബന്ധം.
അദ്ദേഹം സജീവ രാഷ്ട്രീയത്തോട് വിടപറഞ്ഞ ശേഷമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സജീവമായത്. സത്യത്തിൽ ഡിജോയിലെ വ്യത്യസ്തനായ പൊതുപ്രവർത്തകനെ അറിഞ്ഞു തുടങ്ങിയതും അപ്പോഴാണ്. രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നിട്ടും ജനനന്മയ്ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു. അങ്ങനെയുള്ള പൊതുപ്രവർത്തകർ തീർത്തും വിരളമാണ്.
സാമൂഹ്യ നന്മയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനവും പോരാട്ടവും ആയിരുന്നു ഉപഭോക്താക്കളുടെയും കർഷകരുടെയും പരിസ്ഥിതി പ്രശ്നങ്ങൾക്കായും അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. അതിനായി നിരന്തരം പോരാടി. വളരെ ആത്മാർത്ഥവും നിസ്വാർത്ഥവുമായി പ്രവർത്തിക്കുകയുണ്ടായി.
ചാനൽ ചർച്ചകളിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കാപ്പൻറെ വാക്കുകളാണ് ഒരു കാലഘട്ടത്തിൽ കേരളം കേട്ടത്. ചാനലുകൾക്കും മാധ്യമങ്ങൾക്ക് അപ്പുറം പൊതുജന പ്രശ്നങ്ങൾക്കായി നിയമ പോരാട്ടം നടത്തി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് അദ്ദേഹം നിയമ യുദ്ധം തന്നെ നടത്തി. എല്ലാ പ്രവർത്തനങ്ങളുടെയും ഏകലക്ഷ്യം സാമൂഹ്യ നന്മ മാത്രമായിരുന്നു.
ഡിജോ സത്യത്തിൽ ഒരത്ഭുതമാണ്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായി മാറി.കലാലയ വിദ്യാഭ്യാസം നടത്തിയ പാലാ സെൻറ് തോമസ് രാജഗിരി കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് ഇവിടെയെല്ലാം യൂണിയൻ കൗൺസിലറായി ,കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി, പിന്നീട് സെനറ്റ് സിൻഡിക്കേറ്റ് മെമ്പറായി. എംജി സർവ്വകലാശാലയിൽ പത്തുവർഷം സെനറ്റ് മെമ്പറായി.
പിന്നീട് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനായി. അവിഭക്ത കേരള കോൺഗ്രസിന്റെ യുവജനപ്രസ്ഥാനത്തിന്റെ – യൂത്ത് ഫ്രണ്ട് – പ്രസിഡന്റായി പ്രവർത്തിച്ചു.
ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ അധികാര രാഷ്ട്രീയത്തോട് വിട പറഞ്ഞു. രാഷ്ട്രീയ പാർട്ടിയുടെ മേൽവിലാസമില്ലാതെ പൊതുരംഗത്ത് നിസ്വാർത്ഥ സേവനം നടത്താമെന്ന് പിന്നീട് അദ്ദേഹം തെളിയിച്ചു.
കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗതം, കെഎസ്ഇബി തുടങ്ങിയ മേഖലകളിൽ പൊതുനന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചു. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.
അധികാര പാർലമെൻററി രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയിട്ടും തിരിച്ചുവരാനുള്ള നിരവധി അവസരങ്ങൾ അദ്ദേഹത്തിൻ്റെ മുന്നിലെത്തി. എനിക്ക് നേരിട്ട് അറിയാവുന്ന സംഭവങ്ങൾ ഉണ്ട്. രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ സമ്മർദ്ദo വന്നപ്പോഴും അധികാര രാഷ്ട്രീയത്തിലേക്കില്ല എന്ന അടിയുറച്ച നിലപാടാണ് അദ്ദേഹം എടുത്തത്. അത്തരം സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇത്തരമൊരു നിലപാടെടുക്കുക വളരെ ചുരുക്കം പേർക്ക് മാത്രം എടുക്കാൻ കഴിയുന്ന നിലപാടാണ്.
പരിചയപ്പെടുന്ന എല്ലാവരോടും അങ്ങേയറ്റം മാന്യമായി ജെന്റില്മാന് ആയി പെരുമാറുക എന്നത് ഡിജോ കാപ്പൻറെ പ്രത്യേകതയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്രമൊരു സ്വഭാവ വിശേഷം കാണാൻ കഴിയൂ. ഇടപെടുന്ന എല്ലാവരും എന്നും ഓർത്തിരിക്കുന്ന വ്യക്തിത്വമാണ് ഡിജോയുടേത്. ഏത് ക്ഷീണിതാവസ്ഥയിലും ആർക്കും സഹായം ചെയ്യാൻ സന്നദ്ധമായിരുന്നു ഡിജോ .ആരെ എപ്പോഴും സഹായിക്കാനും സന്നദ്ധനായിരുന്നു.ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും സ്നേഹോഷ്മളത എന്നും നിലനിർത്തുന്നതിനും പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്.
ആരോഗ്യപ്രശ്നങ്ങൾ ഉയർന്നപ്പോഴും കന്യാകുമാരി മുതൽ കാസർഗോഡ് വരെ വ്യക്തി ബന്ധങ്ങളുടെ കെട്ടഴിഞ്ഞില്ല. വ്യക്തിപരമായ വിശേഷങ്ങൾ സൗഹൃദ സദസ്സുകളിൽ കാപ്പൻ ഓടിയെത്തി.
കഴിഞ്ഞ ഒക്ടോബർ 16ന് സംഭവിച്ച അപകടത്തെ തുടർന്ന് വളരെ പ്രതിസന്ധിയും വേദനയും നിറഞ്ഞ ദിനങ്ങളിലൂടെയാണ് കാപ്പൻ കടന്നുപോയത്.അപ്പോഴും സൗഹൃദങ്ങളെ അത് ഉലച്ചില്ല. ഇത്രയും കാലം അദ്ദേഹം അനുഭവിച്ച ഒരു പീഡനം യാതന കണ്ടു നിൽക്കാൻ കഴിയാത്തത്ര പ്രയാസകരമായിരുന്നു.സമചിത്തതയോടെ വേദനാപൂർണ്ണമായ കാലഘട്ടത്തെ അദ്ദേഹം നേരിട്ടു.
വലിയ ഈശ്വര വിശ്വാസിയായിരുന്നു.പ്രാർത്ഥനയാണ് കാപ്പനിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത.എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ വ്രതം എടുത്തു.ഉച്ചഭക്ഷണം ഉപേക്ഷിച്ച് നോമ്പെടുത്തു. എല്ലാംകൊണ്ടും ഉത്തമ വ്യക്തിത്വത്തിന് ഉടമയായിരുന്നു കാപ്പൻ. ഹൃദയ വിശുദ്ധിയുള്ളവരെ ദൈവം നേരത്തെ വിളിക്കുമല്ലോ.

