Spread the love

ന്യൂഡൽഹി: മൂന്നുമാസം മുമ്പ് സോഷ്യൽ മീഡിയയിൽ രൂപം കൊണ്ട രാഷ്ട്രീയപ്പാർട്ടി രാജ്യ തലസ്ഥാനത്തെ വിറപ്പിക്കുകയും ഭരണാധിപന്മാരെ വെട്ടിൽ ആക്കുകയും ചെയ്യുമ്പോൾ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തുല്യമായ യുവജനമേറ്റത്തിന് ആണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്. സോഷ്യൽ മീഡിയയിലെ മുന്നേറ്റങ്ങളെ പുച്ഛിച്ചവർക്ക് ലഭിച്ച ചുട്ട മറുപടി. കൊക്രോച് പാർട്ടി തുടങ്ങിയ ജന്തർ മന്തറിലെ സമരം ഓരോ ദിവസവും യുവശക്തിയാൽ നിറയുകയായിരുന്നു. രാജ്യത്തെ യുവാക്കൾ ഡൽഹി Chalo മുദ്രാവാക്യവുമായി ബസ്സുകളിലും കാറുകളിലും തീവണ്ടികളിലും എത്തി. രാജ്യത്തിൻറെ സുരക്ഷ ഏജൻസികളെ അമ്പരിപ്പിച്ച ജനപ്രവാഹം.

 

നീറ്റ് പരീക്ഷാക്രമക്കേടിൽ മൂന്നാവശ്യങ്ങൾ ഉന്നയിച്ച സമരം. പോലീസ് നടപടിയിലും പതറാതെ ഇരമ്പിയാർത്ത് ജനം. ഒടുവിൽ ആവശ്യങ്ങളെല്ലാം നേടിയെടുത്തു മടങ്ങുമ്പോൾ ഒരു പുതിയ ചരിത്രം.

 

സമരത്തിൻറെ നിർണായക ഘട്ടത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടന്നുവരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം വരെയെത്തി എംപിമാരുടെ പ്രതിഷേധം. ഇതോടെ ഡൽഹിയിലെ സമരം ലോകമാധ്യമങ്ങളിൽ എത്തി. സോഷ്യൽ മീഡിയ ഹാൻഡിലുകൾ മുഴുവൻ സമരഭരിതമായി. സത്യത്തിൽ ഭരണാധികാരികൾ വിറച്ചുപോയി. എല്ലാ ഏകാധിപതികൾക്കും ഉള്ള താക്കീതാണ് ഇതെന്നാണ് പിന്നീട് നേതാക്കൾ പ്രതികരിച്ചത്. വൃദ്ധ നേതൃത്വം കയ്യടക്കിയിരിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് യുവധാരയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

ജന്തർ മന്തറിൽ നടന്നുവന്ന പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ശനിയാഴ്ച വൈകുന്നേരം അറിയിച്ചു. കേന്ദ്ര സർക്കാരുമായി നടത്തിയ മൂന്ന് ഘട്ട ചർച്ചകൾക്കൊടുവിൽ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനെത്തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് പാർട്ടി വക്താക്കൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 

സമരക്കാരുടെ മൂന്ന് പ്രധാന ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായി സി.ജെ.പി ദേശീയ വക്താവ് അഷുതോഷ് രങ്ക അറിയിച്ചു. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതായിരുന്നു സമരക്കാരുടെ ഒന്നാമത്തെ ആവശ്യം. അദ്ദേഹം രാജിവെച്ചതോടെ ഈ ആവശ്യം നടപ്പായതായി പാർട്ടി അറിയിച്ചു.

 

‘ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. അതിനാൽ സമരത്തിൽ പങ്കെടുക്കുന്നവരോട് ഉടൻ തന്നെ സമരം അവസാനിപ്പിച്ച് സമാധാനപരമായി വീടുകളിലേക്ക് മടങ്ങാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഭാവി സമരപരിപാടികളെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ പിന്നീട് അറിയിക്കുന്നതാണ്. സമരക്കാർ ഉടൻ തന്നെ പിൻവാങ്ങണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.’- സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം അഷുതോഷ് രങ്ക പറ‍‍ഞ്ഞു.

 

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകാനും സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും അഷുതോഷ് പറഞ്ഞു. നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ഈ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്.

 

ഇതുകൂടാതെ, വിശാലമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളും പരീക്ഷാ പരിഷ്കാരങ്ങളും ഉൾപ്പെടുന്ന അഞ്ച് ആവശ്യങ്ങൾ അടങ്ങിയ നിവേദനവും ഞങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഈ പരിഷ്കാരങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി നാലാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ സർക്കാരുമായി വീണ്ടും ചർച്ച നടത്തുമെന്നും അഷുതോഷ് പറഞ്ഞു.

 

അതായത് പ്രതിഷേധം പിൻവലിച്ചെങ്കിലും സംഘടന മുന്നോട്ടുതന്നെ. സംഘടനയുടെ ഭാവി ലക്ഷ്യങ്ങൾ ഒരുപക്ഷേ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് പോലും തലവേദനയാകും. തമിഴ്നാട്ടിൽ പ്രവചനങ്ങളെ അട്ടിമറിച്ച് ജോസഫ് വിജയ് അധികാരത്തിൽ എത്തിയതുപോലെ. ഒരു മാറ്റം.