സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് പതാക ഉയര്‍ന്നു. സംഘാടകസമിതി ചെയര്‍മാന്‍ ടി ആര്‍ രഘുനാഥന്‍ പതാക ഉയര്‍ത്തി. തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍നിന്ന് നയിച്ച നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളില്‍ നിന്നാണ് പതാക-കൊടിമര-കപ്പി-കയര്‍ ജാഥകള്‍ വെള്ളി ഉച്ചയോടെ പുറപ്പെട്ടത്.
ചെണ്ടമേളവും മുദ്രാവാക്യങ്ങളും മുഴങ്ങിയ ആവേശകരമായ അന്തരീക്ഷത്തില്‍ കോട്ടയം കലക്ടറേറ്റ് പരിസരത്ത് സംഗമിച്ച ജാഥകള്‍ വൈകിട്ട് അഞ്ചോടെ തിരുനക്കര മൈതാനത്തെത്തി. തുടര്‍ന്നായിരുന്നു പതാക ഉയര്‍ത്തല്‍.
പ്രതിനിധി സമ്മേളനം നടക്കുന്ന ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) സ്ഥാപിക്കാനുള്ള ദീപശിഖ വഹിച്ചുള്ള ജാഥ ശനി രാവിലെ 7.30ന് നീണ്ടൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കും. സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്യും.
രാവിലെ 9.15ന് ദീപശിഖ സമ്മേളന നഗറില്‍ സ്ഥാപിക്കും. 9.30ന് സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം രാവിലെ 10ന് അഖിലേന്ത്യ വൈസ് പ്രസിഡന്റ് തപന്‍ സെന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ ചന്ദ്രശേഖരന്‍(ഐഎന്‍ടിയുസി), കെ പി രാജേന്ദ്രന്‍(എഐടിയുസി) എന്നിവര്‍ സംസാരിക്കും.
സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് സുദീപ് ദത്ത, സെക്രട്ടറി എ ആര്‍ സിന്ധു, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് കണ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി എളമരം കരീം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 1149 യൂണിയനുകളിലെ 625 പ്രതിനിധികള്‍ പങ്കെടുക്കും.
എട്ടിനും ഒന്പതിനും പ്രതിനിധി സമ്മേളനം തുടരും. ഒന്പതിന് വൈകിട്ട് നാലിന് ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന റാലി. പൊതുസമ്മേളനം വി എസ് അച്യുതാനന്ദന്‍ നഗറി(നെഹ്റു സ്റ്റേഡിയം)ല്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

