റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഭൗതികശരീരങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി.
റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നഴ്സ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായിരുന്ന കോട്ടയം കടയനിക്കാട് സ്വദേശി ആൽബിൻ തോമസ് (33) എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
കഴിഞ്ഞ മെയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന ലിധിയ മെയ് 20-നാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം, ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു. അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് ദമ്പതികളുടെ മരണം.
ആൽബിൻ തോമസിന്റെ മൃതദേഹം നാളെയും ലിധിയ തോമസിന്റേത് വ്യാഴാഴ്ചയും കൊണ്ടുപോകും. ചൊവ്വാഴ്ച പുലർച്ചെ 7.15ന് റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ആൽബിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. 10.20ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് ലിധിയ തോമസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. വൈകുന്നേരം 6.30ന് നെടുമ്പാശ്ശേരിയിൽ എത്തിക്കും.
ലിധിയ വർഷങ്ങളായി റിയാദിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ആൽബിൻ സൗദിയിലെത്തിയത്.

