Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് തരംഗം. കോൺ​ഗ്രസ് പ്രവർത്തകരെ പോലും ഞെട്ടിച്ച് 101 സീറ്റിൽ ലീഡ് ചെയ്ത് യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കടക്കുകയാണ്. വലിയ ആവേശത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകർ.38 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ് എൽഡിഎഫ് .

ധര്‍മ്മടം മണ്ഡലത്തില്‍ വന്‍ തിരിച്ചിടിയാണ് പിണറായി നേരിടുന്നത്. എല്‍.ഡി.എഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നു. ധര്‍മടത്ത് ക്യാപ്റ്റന്‍ വരെ പിന്നിലാകുന്ന ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇടതുകോട്ടയില്‍ നാല് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ പിണറായി വിജയന്‍ 2812 വോട്ടുകള്‍ക്ക് പിന്നിലാണ്. സ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമാകുന്നത്.

അതേസമയം യു.ഡി.എഫിന്റെ അഡ്വ. വി.പി. അബ്ദുല്‍ റഷീദ് 23,527 വോട്ടുകള്‍ നേടി മുന്നിലാണ്. പിണറായിക്ക് 20,715 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ മുന്നിലെത്തിയ പിണറായി പിന്നീടുള്ള രണ്ട് റൗണ്ടിലും പിറകില്‍ പോയി. സി.പി.എം ശക്തി കേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തിലടക്കം മുഖ്യമന്ത്രിക്ക് അടിതെറ്റി. റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, ആര്‍. ബിന്ദു, ഗണേഷ് കുമാര്‍, പി. രാജീവ്, ഒ.ആര്‍. കേളു, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്‍, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രന്‍, പി. പ്രസാദ് എന്നിവര്‍ പിന്നിലാണ്. ബേപ്പൂരില്‍ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്.