ചെന്നൈ: കരിയറിന്റെ തുടക്ക സമയത്തെ നടുക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയ താരം ഐശ്വര്യ രാജേഷ്. തന്നോട് ഒരു ഫോട്ടോഗ്രാഫർ അടിവസ്ത്രം മാത്രം ധരിക്കാൻ പറഞ്ഞുവെന്നും ‘നിങ്ങളുടെ ശരീരം എനിക്ക് കാണണം’ എന്ന് ആവശ്യപ്പെട്ടതായും നടി പറഞ്ഞു. യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഫോട്ടോഗ്രാഫറുടെ പേര് പറയാതെ വെളിപ്പെടുത്തൽ നടത്തിയത്.
“എനിക്ക് അന്ന് ഇൻഡസ്ട്രിയെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. സഹോദരനൊപ്പമാണ് ഞാൻ ആ ഫോട്ടോഗ്രാഫറെ കാണാൻ പോയത്. എന്റെ സഹോദരനെ പുറത്തിരുത്തിയ ശേഷം അയാൾ എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു. അവിടെ വെച്ച് അടിവസ്ത്രങ്ങൾ ധരിക്കാൻ തന്ന ശേഷം നിന്റെ ശരീരം കാണണമെന്ന് അയാൾ ആവശ്യപ്പെട്ടു.”
എന്നാൽ അന്ന് ആ വസ്ത്രം ധരിക്കാൻ തനിക്ക് തന്റെ സഹോദരന്റെ അനുമതി വേണമെന്ന് പറഞ്ഞ് അവിടെ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് താരം പറഞ്ഞു. ഇത്തരത്തിൽ അയാൾ എത്ര പെൺകുട്ടികളെ ചതിച്ചിട്ടുണ്ടാകുമെന്നും, ഈ വിവരം ഇതുവരെ തന്റെ സഹോദരനോട് വെളിപ്പെടുത്തിയിട്ടില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

