Spread the love

മംഗളൂരു: റോഡിലെ വലിയ കുഴിയിൽ സ്കൂട്ടർ വീണ് മറിഞ്ഞതിനു പിന്നാലെ ലോറി കയറി യുവതിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കുളൂരിനു സമീപം ദേശീയപാത 66ലാണ് അപകടമുണ്ടായത്. ഉഡുപ്പി സ്വദേശിനിയായ മാധവി (44) ആണ് മരിച്ചത്. ജോലിക്കുപോകുന്നതിനിടെ ആണ് അപകടം.

കുളൂരിനും ബംഗ്ര കുളൂരിനും ഇടയിൽ ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്സിനു സമീപം കുഴിയിൽ വീണതോടെ മാധവി സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ മീനുമായി എത്തിയ ലോറി കയറിയിറങ്ങി. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുൻദികനയിലെ എജെ ആശുപത്രിയിലായിരുന്നു മാധവി ജോലി ചെയ്തിരുന്നത്.