Spread the love

കൊല്ലം: കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു. മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് മരിച്ചത്.

പുറത്തെടുത്തവരിൽ അഞ്ച് പേർ പരിക്കേറ്റ് ചികിത്സയിലാണ്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പറിൻ്റെ ഡ്രൈവർ ചവറ സ്വദേശിയായ നിസാം എന്നയാൾക്കുമാണ് പരിക്കേറ്റത്. ഇവരിൽ 2 പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മെഡിസിറ്റിയിലും ചികിത്സയിലാണ്.

മുക്കോളി മുക്കിൽ രാവിലെ 7.15 ഓടെയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ അടക്കം 12 ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

പുറമെ തകർന്ന ബസ് സ്റ്റോപ്പിന്റെ അവശിഷ്ടങ്ങളും ആളുകൾക്ക് മേലേക്ക് പതിച്ചു.