രാമായണത്തിലെ ജടായുവിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പുതിയൊരു പോര്. കൊല്ലംകാരും ആന്ധ്രക്കാരും തമ്മിലാണ് ഇപ്പോൾ രസകരമായ അവകാശവാദങ്ങൾ ഉയരുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ സിനിമയിലെ ജടായു-രാവണ യുദ്ധരംഗമാണ് ഈ ചർച്ചകൾക്ക് പിന്നിൽ.
സീതയെ രക്ഷിക്കാൻ രാവണനോട് ഏറ്റുമുട്ടി വീഴുന്ന ജടായുവിന്റെ രംഗം സിനിമയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെ ജടായുവിനെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായി. പിന്നാലെയാണ് കൊല്ലം ചടയമംഗലത്തെ ജടായുപ്പാറയും ചർച്ചകളിൽ ഇടംപിടിച്ചത്.
എന്നാൽ ജടായുവിന്റെ ഐതിഹ്യവുമായി തങ്ങൾക്കും ബന്ധമുണ്ടെന്ന വാദവുമായി ആന്ധ്രാപ്രദേശുകാരും രംഗത്തെത്തി. ആന്ധ്രയിലെ ലേപാക്ഷിയിലാണ് ജടായു വീണതെന്നാണ് ഇവരുടെ വാദം. കൊല്ലത്തെ ജടായുപ്പാറയിലേതിന് സമാനമായി ഇവിടെയും ജടായുവിന്റെ ശിൽപമുണ്ട്.
ഇതോടെ ജടായു ആരുടേതെന്ന ചോദ്യവുമായി ട്രോളുകളും മീമുകളും നിറഞ്ഞു. ‘ജടായുവിനെ വിട്ടുതരില്ല’ എന്ന നിലപാടിലാണ് കൊല്ലംകാർ. ‘ജടായു തങ്ങളുടേതെന്ന് ആന്ധ്ര, അതിന് ഞങ്ങൾ ചാവണം എന്ന് കൊല്ലം’ എന്ന തരത്തിലുള്ള കമന്റുകളും വൈറലായി. തൂവൽ പോലും വിട്ടുകൊടുക്കില്ലെന്നും പകരം വേണമെങ്കിൽ മറ്റൊരു പക്ഷിയെ തരാമെന്നുമൊക്കെയാണ് മലയാളികളുടെ രസകരമായ പ്രതികരണങ്ങൾ.
കൊല്ലം ചടയമംഗലത്ത് സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 അടി ഉയരത്തിലുള്ള പാറയിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജടായു ശിൽപം സ്ഥിതി ചെയ്യുന്നത്. സംവിധായകനും ശിൽപിയുമായ രാജീവ് ആഞ്ചലാണ് ഇത് രൂപകൽപന ചെയ്തത്. പത്തുവർഷത്തോളം നീണ്ട നിർമാണത്തിനൊടുവിൽ പൂർത്തിയായ ശിൽപത്തിന് 200 അടി നീളവും 70 അടി ഉയരവുമുണ്ട്.
അതേസമയം, ആന്ധ്രയിലെ ലേപാക്ഷിയിലും ജടായുവുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനിൽക്കുന്നു. രാവണനോട് പോരാടി വീണ ജടായുവിനെ കണ്ട രാമൻ ‘ലേ പക്ഷി’ (പക്ഷിയേ, എഴുന്നേൽക്കൂ) എന്ന് പറഞ്ഞതിൽനിന്നാണ് ലേപാക്ഷി എന്ന പേര് ഉണ്ടായതെന്നാണ് വിശ്വാസം.
ജടായുവിന്റെ അന്ത്യകർമങ്ങൾക്കായി രാമൻ വെള്ളം സൃഷ്ടിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ജടായു പുഷ്കരണിയും തമിഴ്നാട്ടിലെ തിരുപ്പുക്കുഴിയിലുണ്ട്. അവിടെയും ജടായു വീണതുമായി ബന്ധപ്പെട്ട ഐതിഹ്യം പ്രചാരത്തിലുണ്ട്. അങ്ങനെ സിനിമയിലെ ഒരു രംഗം ജടായുവിന്റെ പേരിൽ കേരളം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഐതിഹ്യങ്ങളെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

