Spread the love

നാഗ്പുർ ∙ അധ്യാപക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ദീപാവലി ആഘോഷിക്കാനായി ജോലി സ്ഥലത്തുനിന്നും നാഗ്പുരിലെ താമസസ്ഥലത്തേക്ക് എത്തിയ ദമ്പതികളെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷ് പ്രഹ്ലാദ് ഗൻവീർ (38), ഭാര്യ സോണാലി ഗൻവീർ (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ സുർജഗഡിലെ സ്കൂളിൽ അധ്യാപകരായി ജോലി ചെയ്യുകയാണ് ഇരുവരും. 2026 ഓഗസ്റ്റിലാണ് മനീഷും സോണാലിയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലെ സീലിങ് ഫാനിലാണ് അധ്യാപക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ അന്വേഷിക്കുകയായിരുന്നു. ദിവസങ്ങൾക്കു മുൻപാണ് മനീഷിന്റെ കുടുംബം ബിഹാറിലേക്ക് പോയത്. തുടർന്ന് മനീഷിനെ ഫോണിൽ കിട്ടാതായതോടെ ഇവർ ഒരു ബന്ധുവിനെ ഞായറാഴ്ച നാഗ്പുരിലേക്ക് അയച്ചു. ബന്ധു എത്തിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടർന്ന തുറന്നുകിടന്ന ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽനിന്നും വെള്ളിയാഴ്ച ബഹളം കേട്ടതായി അയൽവാസികൾ മൊഴി നൽകി. അതേസമയം വീട്ടിൽനിന്നു ആത്മഹത്യാകുറിപ്പ് ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.