Spread the love

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കൻ യുവതി റോസയുടെ കുഞ്ഞ് അപ്രതീക്ഷിതമായി ജനിച്ചത് ഡോക്ടറും നഴ്സുമാരുമില്ലാത്ത സമയത്ത്. ഭാര്യയ്ക്കൊപ്പം പ്രസവമുറിയിലുണ്ടായിരുന്ന ക്രിസാണ് നിർണായക നിമിഷത്തിൽ കുഞ്ഞിനെ കൈകളിൽ ഏറ്റുവാങ്ങിയത്. സംഭവത്തിന്റെ അനുഭവം റോസ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഇരുവരും ശ്രദ്ധ നേടുകയാണ്.

പ്രസവത്തിന് ഇനിയും സമയമുണ്ടെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ആവശ്യമായ ക്രമീകരണങ്ങൾക്കായി നഴ്സുമാർ മുറിയിൽനിന്ന് പുറത്തുപോയി നിമിഷങ്ങൾക്കുള്ളിലാണ് റോസയ്ക്ക് ശക്തമായ പ്രസവവേദന അനുഭവപ്പെട്ടത്. കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ട ക്രിസ് ഉടൻ ഇടപെട്ട് അവളെ സുരക്ഷിതമായി കൈകളിൽ പിടിച്ചു.

പ്രസവത്തിന് 40 മിനിറ്റ് മുൻപ് നടത്തിയ പരിശോധനയിൽ സെർവിക്സ് 5.5 സെന്റിമീറ്റർ മാത്രമാണ് വികസിച്ചിരുന്നതെന്നും അതിനാൽ പ്രസവത്തിന് സമയമെടുക്കുമെന്നാണ് കരുതിയതെന്നും റോസ കുറിച്ചു. കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അവളെ താഴെ വീഴാതെ പിടിക്കുക മാത്രമായിരുന്നു തന്റെ മനസ്സിലെന്നാണ് ക്രിസ് പറഞ്ഞത്.

പിന്നീട് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ അമ്മയും കുഞ്ഞും ആരോഗ്യത്തോടെയാണെന്ന് സ്ഥിരീകരിച്ചു. അപ്രതീക്ഷിത സാഹചര്യത്തിൽ ഭർത്താവ് കാണിച്ച മനോധൈര്യത്തിന് സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.