തൃശൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വയനാട് കലക്ടറേറ്റിലെ ജീവനക്കാരനായ സന്ദീപ് ശ്രുതിയുടെ കഴുത്തിൽ താലി ചാർത്തി. രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് മുൻ മന്ത്രി കെ. രാജൻ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ നടന്ന വിവാഹത്തിന് ശേഷം സന്തോഷം പങ്കുവച്ച ശ്രുതി, തന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി കൂടെനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച സന്ദീപിന് നന്ദി അറിയിച്ചു. ഇരുവരും സന്തോഷത്തോടെ മുന്നോട്ടുപോകണമെന്നാണ് പ്രാർത്ഥനയെന്നും ശ്രുതി പറഞ്ഞു.
പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെയാണ് കടക്കുന്നതെന്ന് സന്ദീപും പ്രതികരിച്ചു. തങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ദുരന്തത്തിൽ കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തത്തിന് പിന്നാലെ ശ്രുതിയുടെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർച്ചയായ ദുരന്തങ്ങൾക്കിടെ തനിച്ചായ ശ്രുതിക്ക് അന്നത്തെ സംസ്ഥാന സർക്കാരും വിവിധ വ്യക്തികളും പിന്തുണയുമായി എത്തിയിരുന്നു.
ഇത്രയേറെ വേദനകൾക്കിടയിലും ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയോടെ ചുവടുവയ്ക്കുകയാണ് ശ്രുതി.

