‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി വിജയ്. നടിയും ബിഗ് ബോസ് മലയാളം സീസൺ 8 മത്സരാർഥിയുമായ മൃദുല വിജയിയുടെ സഹോദരി കൂടിയാണ് താരം. ഇപ്പോഴിതാ പാർവതിയും സീരിയൽ നടി സായ് ലക്ഷ്മിയും ഒരുമിച്ച് അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സീരിയൽ ക്യാമറാമാനായ അരുണിനെയാണ് പാർവതി ആദ്യം വിവാഹം കഴിച്ചത്. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ഇരുവരും ഒളിച്ചോടി വിവാഹിതരാകുകയായിരുന്നു. അന്ന് പാർവതിക്ക് 21 വയസായിരുന്നു. പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും ഒരു മകളുണ്ട്. എന്നാൽ ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ രണ്ട് വർഷം മുമ്പ് ഇരുവരും വേർപിരിഞ്ഞു.
വിവാഹമോചനത്തിന് പിന്നാലെ അരുൺ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. സീരിയൽ നടി സായ് ലക്ഷ്മിയാണ് അരുണിന്റെ പങ്കാളി. ഇരുവരും വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സായ് ലക്ഷ്മി നേരത്തെ വ്യക്തമാക്കിയിരുന്നു.
അരുണുമായുള്ള ബന്ധം പരസ്യപ്പെടുത്തിയതിനു പിന്നാലെ സായ് ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും ഉയർന്നിരുന്നു. പാർവതിയുടെ കുടുംബം തകർത്തുവെന്ന തരത്തിലുള്ള ആരോപണങ്ങളും നേരിടേണ്ടിവന്നു. എന്നാൽ പാർവതിയും അരുണും വേർപിരിഞ്ഞ ശേഷമാണ് തങ്ങൾ പ്രണയത്തിലായതെന്നും അവരുടെ ബന്ധം തകർത്തത് താനല്ലെന്നും സായ് ലക്ഷ്മി പ്രതികരിച്ചിരുന്നു.
പാർവതിയും സായ് ലക്ഷ്മിയും ഒരുമിച്ച്; ചർച്ചയായി സൗഹൃദം
ഇപ്പോഴിതാ മഴവിൽ മനോരമയിൽ ആരംഭിക്കാനിരിക്കുന്ന ‘കുഞ്ഞുമാലാഖ’ എന്ന സീരിയലിൽ പാർവതിയും സായ് ലക്ഷ്മിയും ഒരുമിച്ച് അഭിനയിക്കുകയാണ്. സീരിയലിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. അഭിമുഖത്തിൽ ഇരുവരും തമ്മിലുള്ള സൗഹൃദവും സ്നേഹത്തോടെയുള്ള സംസാരവുമാണ് ശ്രദ്ധ നേടിയത്.
മുൻ ഭർത്താവിന്റെ ഇപ്പോഴത്തെ പങ്കാളിക്കൊപ്പം ഒരു സ്ത്രീ സൗഹൃദത്തോടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവമാണെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘അരുണിന്റെ മുൻ ഭാര്യയും ഇപ്പോഴത്തെ പങ്കാളിയും ഒരുമിച്ചിരുന്ന് അഭിമുഖം നൽകുന്നു’, ‘ഇങ്ങനെയൊക്കെ ചെയ്യാൻ സ്ത്രീകൾക്ക് കഴിയുമോ?’ തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘സാന്ത്വനം 2’യിലെ മിത്ര എന്ന കഥാപാത്രത്തിലൂടെയാണ് സായ് ലക്ഷ്മി ശ്രദ്ധ നേടിയത്. അഭിനയത്തിന് പുറമെ മോഡലിങ്, കണ്ടന്റ് ക്രിയേഷൻ, ഡിഎം ആർട്ടിസ്റ്റ് എന്നീ മേഖലകളിലും സജീവമാണ് താരം. നിയമ വിദ്യാർഥി കൂടിയായ സായ് ലക്ഷ്മി, അരുണിനെ ആദ്യം കണ്ടത് സീരിയൽ ലൊക്കേഷനിൽവെച്ചാണെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ടാം വിവാഹത്തിനൊരുങ്ങി പാർവതി
അതേസമയം, രണ്ടാം വിവാഹത്തിനുള്ള ഒരുക്കത്തിലാണ് പാർവതി വിജയ്. കഴിഞ്ഞ പ്രണയദിനത്തിലാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം താരം വെളിപ്പെടുത്തിയത്. തന്റെയും മകളുടെയും ജീവിതത്തിലേക്ക് പുതിയൊരാൾ എത്തുകയാണെന്നും പാർവതി അറിയിച്ചിരുന്നു. എന്നാൽ ഭാവി വരന്റെ പേരോ ചിത്രമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വേർപിരിഞ്ഞ ബന്ധത്തിന് ശേഷവും പരസ്പര സൗഹൃദവും ബഹുമാനവും നിലനിർത്തുന്ന സ്ത്രീകളുടെ ഈ കൂടിക്കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

