Spread the love

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിലക്കൂർ ഗ്രാലിക്കുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

മത്സ്യത്തൊഴിലാളിയായ സുധീറും കുടുംബവും മറ്റൊരു ബോട്ടിൽ ലഭിച്ച മത്സ്യം വാങ്ങി പാകം ചെയ്ത് കഴിക്കുകയായിരുന്നു. തുടർന്ന് ഒക്ടോബർ 28ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സുധീറിന്റെ കുടുംബാംഗങ്ങൾക്കും മത്സ്യം കഴിച്ചതിന് പിന്നാലെ അലർജിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായെങ്കിലും ഗുരുതരമായിരുന്നില്ല. മത്സ്യത്തിന്റെ മുട്ടയും മറ്റ് ഭാഗങ്ങളും പാകം ചെയ്ത് കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം നേരത്തെ അറിയിച്ചിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തിന്റെ സാമ്പിൾ കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലേക്ക് (CMFRI) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമേ ആരോഗ്യപ്രശ്നങ്ങളുടെ യഥാർഥ കാരണം വ്യക്തമാകൂ.