മുംബൈ : ഐഐടി ബോംബെയിൽ മരിച്ച ബിടെക് വിദ്യാർഥി സാഹിൽ വകോഡെയുടെ പേരിൽ അന്വേഷണസംഘം കാണിച്ച മാപ്പപേക്ഷയിലെ കൈപ്പട മകന്റേതല്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. വിവാദ പരീക്ഷയുടെ ഉത്തരക്കടലാസിലെ പ്രധാന പേജും കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാണ് മാതാപിതാക്കൾ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അടുത്തിടെയാണ് രേഖകൾ പരിശോധിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചത്.
പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നത് പിടികൂടിയതിനെ തുടർന്ന് സാഹിൽ മാപ്പപേക്ഷ നൽകി എന്നാണ് ഐഐടി അധികൃതരുടെ വിശദീകരണം. എന്നാൽ കത്തിലെ കൈപ്പട മകന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫൊറൻസിക് പരിശോധന നടത്തണമെന്ന് സാഹിലിന്റെ പിതാവ് രവീന്ദ്ര വകോഡെ ആവശ്യപ്പെട്ടു.
സെപ്റ്റംബർ 18നാണ് ക്യാംപസിലെ ഹോസ്റ്റൽ മുറിയിൽ സാഹിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രാവിലെ നടന്ന സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രഫ. സൂര്യനാരായണ ഡൂള സാഹിലിനെ പിടികൂടിയിരുന്നു.
പരീക്ഷയുടെ ഉത്തരക്കടലാസിൽ മൂന്നാം ചോദ്യവുമായി ബന്ധപ്പെട്ട പേജാണ് കാണാതായതെന്നാണ് മാതാപിതാക്കളുടെ ആരോപണം. രേഖകളിൽ തിരിമറി നടത്തി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും കുടുംബം സംശയിക്കുന്നു. ജാതി അധിക്ഷേപമാണ് മകന്റെ മരണത്തിന് കാരണമായതെന്നും മാതാപിതാക്കൾ ആരോപിച്ചു.

