കൊച്ചി: വിദേശത്ത് ജോലി ചെയ്യാൻ അനുമതി തേടി മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി സമർപ്പിച്ച ജാമ്യഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ കഴിയുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സ തേടിയ തച്ചങ്കരിക്ക് വിദേശത്ത് പോയി എങ്ങനെ ജോലി ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. ചികിത്സാ വിവരങ്ങൾ വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിനോട് നിർദേശിക്കുകയും ചെയ്തു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട തച്ചങ്കരി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് കോടതിയെ സമീപിച്ചത്. യുഎഇയിൽ ജോലി ചെയ്യാനും താമസിക്കാനും അനുമതി നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. വിദേശത്ത് ജോലി ഉടൻ ആരംഭിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും ഇത് ഉപജീവനത്തെ ബാധിക്കുമെന്നും തച്ചങ്കരി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഷാർജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്നുണ്ടെന്നും ദുബായിലെ ഐടി കൺസൾട്ടൻസി സ്ഥാപനത്തിൽ പങ്കാളിയാണെന്നും തച്ചങ്കരി ഹർജിയിൽ പറയുന്നു. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 31 വരെ യുഎഇയിൽ പോകുന്നതിനും താമസിക്കുന്നതിനുമുള്ള അനുമതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് പ്രത്യേക കോടതി തച്ചങ്കരിക്ക് നാലുവർഷം തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. മുൻകൂർ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്.
ജാമ്യഹർജി പരിഗണിക്കവെ, ജയിലിൽ പ്രവേശിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ ചികിത്സ തേടിയ തച്ചങ്കരി പുറത്തിറങ്ങിയശേഷം ജോലിക്ക് പോകാൻ ആവശ്യപ്പെടുന്നതിലെ വൈരുദ്ധ്യവും കോടതി ചൂണ്ടിക്കാട്ടി. എത്ര ദിവസം ജയിലിലും എത്ര ദിവസം ആശുപത്രിയിലും കഴിഞ്ഞുവെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഹാജരാക്കാനാണ് ജയിൽ സൂപ്രണ്ടിനോട് നിർദേശിച്ചത്.
ജയിലിൽ പ്രവേശിക്കുമ്പോൾ ഗുരുതര രോഗമുണ്ടെന്നും പുറത്തിറങ്ങിയശേഷം സുഖവാസം തേടുന്നതുപോലെയുമുള്ള സമീപനങ്ങൾ പൊതുജനങ്ങളിൽ കോടതികളെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കാമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അഭിപ്രായപ്പെട്ടു.
വിചാരണക്കാലത്ത് വിദേശത്തായിരുന്നെങ്കിലും കോടതി ആവശ്യപ്പെട്ടപ്പോഴെല്ലാം ഹാജരായെന്നും ജാമ്യവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നും തച്ചങ്കരി ഹർജിയിൽ വ്യക്തമാക്കി. വിദേശയാത്ര വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും അദ്ദേഹം വാദിച്ചു. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്.

