Spread the love

ചേരാനല്ലൂരില്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് ജയബാലകൃഷ്ണന്‍ മരിച്ച കേസില്‍ ജഡ്ജിപുത്രനായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. 17കാരനെതിരെ കോടതിയില്‍ ഹാജരാക്കാന്‍ പരമാവധി തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ ജില്ലാ ജഡ്ജിയുടെ സാന്നിദ്ധ്യത്തില്‍ കാറിലെ ഔദ്യോഗികബോര്‍ഡ് സുഹൃത്ത് നീക്കിയെന്ന പരാതി വിശദമായി അന്വേഷിക്കും. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യം ശേഖരിച്ചു. ജഡ്ജിയെയും മകനെയും രണ്ടുതവണ ചോദ്യം ചെയ്തതിന്റെ വിശദാംശം, ആലുവയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരം തുടങ്ങിയവ ഇന്ന് കോടതിയെ അറിയിക്കും. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.

മുമ്പ് കാറോടിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ 17കാരന്‍ പങ്കിട്ടിരുന്നെന്ന വിവരവും സ്ഥിരീകരിക്കും. നീക്കിയ സമൂഹമാദ്ധ്യമ അക്കൗണ്ട് വീണ്ടെടുത്ത് പരിശോധിക്കും. ഫ്‌ളാറ്റില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് എന്നിവയുടെ സൂക്ഷ്മപരിശോധന തുടരുകയാണ്. ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് ജഡ്ജിയെയും പുത്രനെയും വീണ്ടും ചോദ്യം ചെയ്‌തേക്കും.
ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാകും അന്വേഷണം. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന കാളിരാജ് മഹേഷ്‌കുമാറിന് സ്ഥാനമാറ്റവും നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷനും ലഭിച്ച കേസെന്ന നിലയില്‍ അതീവശ്രദ്ധയോടെയാണ് സംഘത്തിന്റെ നീക്കം.