കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചങ്ങനാശ്ശേരി എസ്.ബി. കോളജിന് സമീപത്തെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സാജു ആന്റണിയെയും ഭാര്യയെയും കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവരുടെ മകൻ സവിനെ സ്റ്റോർ റൂമിലാണ് കണ്ടെത്തിയത്. ഇവര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. സവിന്റെ ഭാര്യ വിദേശത്താണ്.
അതിക്രമങ്ങൾ നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനനയിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മരണത്തിന്‍റെ കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ല.
പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

