ഇരട്ടയാർ: ജർമനിയിലെ ബോഹും നഗരത്തിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പോസ്റ്റ്മോർട്ടം പൂർത്തിയായതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പുക ശ്വസിച്ചതാണ് മൂവരുടെയും മരണകാരണമെന്നാണ് പ്രാഥമിക വിവരം.
അപ്പാർട്മെന്റിന്റെ തടികൊണ്ടുള്ള പടികൾ തീപിടിത്തത്തിൽ തകർന്നതാണ് മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് രക്ഷപ്പെടാൻ തടസ്സമായത്. അപകടത്തിൽ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ അഞ്ച് പേരെ സമീപത്തെ ഫ്ലാറ്റുകളിൽനിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയൽവാസിയായ റുമാനിയൻ പൗരനെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, മരിച്ചവരുടെ കുടുംബങ്ങളുമായി ഇന്ത്യൻ എംബസി അധികൃതർ ബന്ധപ്പെട്ടു.
മൂന്ന് മൃതദേഹങ്ങളും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി എംപിമാരായ ബെന്നി ബഹനാനും ഡീൻ കുര്യാക്കോസും നോർക്ക മുഖേന ഇടപെടുന്നുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

