Spread the love

 

മാസപ്പടി കേസ് പിണറായി പ്രതിരോധത്തില്‍. പദവി ഒഴിയില്ല. നിയമപോരാട്ടത്തില്‍ പാര്‍ട്ടി പിന്തുണച്ചേക്കും.

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് നയിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി നിരസിച്ചു. വിജിലന്‍സിനും ഇ.ഡിക്കും കേസ് നടപടികള്‍ തുടരാം. ഇതോടെ കേസില്‍ പിണറായിയും കുടുംബവും പ്രതിരോധത്തിലായി. എങ്കിലും പ്രതിപക്ഷ നേതൃപദവി ഒഴിയാതെ നിയമ പോരാട്ടം തുടരാനാണ് സാധ്യത. ഇതിന് സിപിഎം പിന്തുണ നല്‍കും.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും മുമ്പ് അഴിമതിക്കേസിലെ പ്രതികളുടെ ഭാഗം കേള്‍ക്കേണ്ടതില്ലെന്നും അത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് നിയമപരമായ അവകാശമില്ലെന്നും ജസ്റ്റിസ് കെ. നടരാജന്‍, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.അപ്പീലിന് അനുമതി തേടിയുള്ള ഉപഹര്‍ജികകള്‍ വാദം കേട്ട് തള്ളിയതോടെ അപ്പീലുകള്‍ക്ക് പ്രസക്തിയില്ലാതായി.

പിണറായിക്കു പുറമേ, മകള്‍ ടി. വീണ, മരുമകന്‍ മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കം ഏഴ് പേരാണ് ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചത്. സി.എം.ആര്‍.എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കൈമാറിയ റിപ്പോര്‍ട്ടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ബെഞ്ച് ഉത്തരവെന്നും അത് സ്വാഭാവിക നീതിക്ക് എതിരാണെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. എഫ്.ഐ.ആറിന് മുമ്പ് പ്രാഥമിക അന്വേഷണമാണ് വേണ്ടതെന്ന സര്‍ക്കാര്‍ വാദവും തള്ളി.കള്ളപ്പണ നിരോധന വകുപ്പ് 66(2) പ്രകാരം ഇ.ഡി. കൈമാറിയ വിവരങ്ങളില്‍ കേസെടുക്കാനാവശ്യമായ വസ്തുതയുണ്ടെങ്കില്‍ പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ല.എഫ്.ഐ.ആര്‍ ചോദ്യം ചെയ്യാനുള്ള ഹര്‍ജിക്കാരുടെ അവകാശത്തെ സിംഗിള്‍ബെഞ്ച് ഉത്തരവ് ബാധിച്ചിട്ടില്ലെന്നും ഡിവിഷന്‍ബെഞ്ച് പറഞ്ഞു.അഡ്വ. കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കേസെടുക്കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവ്.

പൊതുപദവിയിലിരിക്കേ അഴിമതിക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന സൂചനകള്‍ ലഭിച്ചാല്‍ നേരിട്ട് കേസെടുക്കാമെന്നും പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.