തൃശൂർ : കാറളത്ത് വീട്ടില് അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി സ്വര്ണാഭരണങ്ങള് കവര്ന്ന കേസില് പ്രതി പിടിയില്.
കാറളം മൃഗാശുപത്രിക്കു സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയെ ആണ് വീടിനകത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റാഫി.സാവിത്രിയുടെ മകന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണ്. ചൊവ്വാഴ്ചയാണ് സാവിത്രി കൊല്ലപ്പെട്ടത്.
ആദ്യം സാവിത്രിയുടെ മൃതദേഹം കണ്ടത് സ്കൂൾ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടിയാണ്. ഈ സമയത്ത് ഇളയ മകൻ സുമേഷും ഭാര്യ രീഷ്മയും അച്ഛനുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് റിതിക വീട്ടുകാരെ വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനാൽ അടുക്കളയുടെ വാതിൽ വഴി അകത്തുകയറിയ സമയത്താണ് മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്ന സാവിത്രിയെ കണ്ടത്.
അതേസമയം സാവിത്രി ധരിച്ചിരുന്ന ആറ് സ്വർണ വളകളും ഒരു മാലയും നഷ്ടപ്പെട്ടിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വലയിലായി.
സാമ്പത്തിക ബാധ്യതകളുള്ള റാഫി നേരത്തെ സാവിത്രിയോട് പണയം വയ്ക്കാനായി സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാത്തതിനെ തുടർന്നായിരുന്നു കൊലപാതകം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്ന സാവിത്രിയെ അവരുടെ സാരിത്തലപ്പ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പ് വരുത്തുന്നതിനായി തലയിണ ഉപയോഗിച്ച് പ്രതി സാവിത്രിയുടെ മുഖത്ത് അമർത്തിപ്പിടിച്ചു. തുടർന്ന് മാലയും വളകളും ഊരിയെടുത്തശേഷം അടുക്കളയിൽനിന്ന് മുളകു പൊടിയെടുത്ത് വിതറിയതിന് ശേഷം പ്രതി രക്ഷപ്പെട്ടു. പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.

