സുസ്ഥിര ജീവിതശൈലി കാലഘട്ടത്തിന്റെ ആവശ്യം: പ്രൊഫ. ടി.വി. മുരളീവല്ലഭൻ
കാണക്കാരി: പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് പ്രൊഫ. (ഡോ.) ടി.വി. മുരളീവല്ലഭൻ പറഞ്ഞു. കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ സംഘടിപ്പിച്ച നാലാമത് മൾട്ടി ഡിസിപ്ലിനറി പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സുസ്ഥിരമല്ലാത്ത ലോകത്തിൽ സുസ്ഥിര ജീവിതശൈലി’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തിൽ കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ശോഷണം, ജലക്ഷാമം തുടങ്ങിയ വെല്ലുവിളികളും പരിസ്ഥിതി സംരക്ഷണത്തിൽ നിയമങ്ങളുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. വ്യക്തികളുടെ ജീവിതശൈലിയിലെ മാറ്റങ്ങൾക്കും സാമൂഹിക ഉത്തരവാദിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിൽ നിർണായക പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ബോണി ജെ. കുര്യാക്കോസ് ,വൈസ് പ്രിൻസിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ ,കോളേജ് ബർസാർ കോശി എബ്രഹാം ,അസിസ്റ്റന്റ് പ്രൊഫസർ അശ്വതി എ.കെ. അസിസ്റ്റന്റ്പ്രൊഫസർ റിച്ച മേരി ജേക്കബ്, എന്നിവർ പ്രസംഗിച്ചു. പ്രഭാഷണത്തെത്തുടർന്ന് സംവാദവും നടന്നു.

