Spread the love

മിൽപിറ്റാസ്: അമേരിക്കയിലെ സിലിക്കൺ വാലിയിൽ ഏറെ കോളിടക്കം സൃഷ്ടിച്ച മിൽപിറ്റാസ് ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ മലയാളി യുവതി അനില ബേബിയുടെ വിചാരണ നടപടികളിൽ നിർണായക വഴിതിരിവ്. സാന്താക്ലാര കൗണ്ടി മെയിൻ ജയിലിൽ റിമാൻഡിൽ കഴിയുന്ന അനില ബേബിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. എന്നാൽ, കക്ഷിയുമായി ജയിലിൽ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം അനില ബേബിക്ക് വിചാരണ നേരിടാനുള്ള മാനസിക ശേഷിയില്ലെന്നും അവർ അതീവ ഗുരുതരമായ മാനസിക അസ്ഥിരത അനുഭവിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകൻ ഷോൺ എം. ജോർജ് കോടതിയെ രേഖാമൂലം അറിയിച്ചു.

കലിഫോർണിയ പീനൽ കോഡ് സെക്ഷൻ 1368 പ്രകാരമുള്ള ഈ നിയമപരമായ തടസ്സം അഭിഭാഷകൻ ഇന്ന് രാവിലെ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.കൊല്ലപ്പെട്ട ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും പ്രവാസി മലയാളികളും ഉൾപ്പെടെയുള്ളവർ കോടതി മുറിയിൽ സന്നിഹിതരായിരുന്നു.

അതേസമയം പ്രതിഭാഗത്തിന്റെ ശക്തമായ വാദം പരിഗണിച്ച കോടതി, അനില ബേബിക്ക് നിലവിൽ വിചാരണ നേരിടാനുള്ള മാനസികാരോഗ്യമുണ്ടോ എന്ന് ശാസ്ത്രീയമായി നിർണ്ണയിക്കുന്നതിനായി അവരെ മാനസികാരോഗ്യ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കാൻ ഔദ്യോഗികമായി ഉത്തരവിട്ടു. ഇതിനായി മെഡിക്കൽ വിദഗ്ദ്ധരെ നിയമിക്കുന്നതിനും തുടർ നിയമനടപടികൾക്കുമായി കേസ് ഒക്ടോബർ 16-ലേക്ക് മാറ്റിവെച്ചു. തുടർന്ന് വിദഗ്ദ്ധ പാനലിന്റെ വിശദമായ പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം, അക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ വീണ്ടും ശക്തമായ വാദങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.