തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ പോര് വാർത്തകൾക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ദിവ്യ എസ് അയ്യർ. വ്യക്തിപരമായ പോരാട്ടമോ മത്സരമോ ചേരിതിരിവോ ആരോടും ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ഭാവനാസൃഷ്ടികളാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ദിവ്യ വ്യക്തമാക്കി.
മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിൽ തർക്കം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ദിവ്യ എസ്. അയ്യരുടെ പ്രതികരണം.
പോരും ഇല്ലാ. പോരാത്തതിനു മത്സരവും ഇല്ലാ. മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു. പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ മാധ്യമങ്ങളിലും സമുഹമാധ്യമങ്ങളിലും എന്നെ ‘പഴിചാരി’ കേട്ട ഓര്‍മ്മയുള്ളു. ഇപ്പോൾ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേൾക്കുമ്പോൾ അത് ഞാനല്ല, എന്നെക്കുറിച്ചല്ല എന്ന ഉറച്ച ബോധ്യം മനസ്സിലുണ്ട്. വ്യക്തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് ഞങ്ങൾ കൃത്യനിർവഹണം നടത്തിയത്. ഭാവനാവിരാജിതമായ പ്രചരണങ്ങൾക്ക് വിരാമമിടണം. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര് എന്ന ആദി കവിയുടെ വരികളാണ് ഈ അവസരത്തിൽ ഓർമ്മ വരുന്നത്,’ ദിവ്യ എസ്. അയ്യർ കുറിപ്പിൽ വ്യക്തമാക്കി.
അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പരിപാടിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ‘ഐ.സി. 100’ എന്ന മറ്റൊരു പദ്ധതി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതെന്നും, പുതിയ പദ്ധതിയിൽ വകുപ്പ് സെക്രട്ടറി അനുപമയ്ക്ക് റോളില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

