Spread the love

 

സ്വര്‍ണക്കിരീടം നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ നിന്ന് നഷ്ടമായെന്ന് സംശയിച്ചിരുന്ന സ്വര്‍ണക്കിരീടം സുരക്ഷിതമാണെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവാഭരണം കമ്മീഷണര്‍ ആര്‍ റെജിലാല്‍, ആറന്മുളയിലെ സ്ട്രോംഗ് റൂമില്‍ കിരീടം നേരില്‍കണ്ട് ബോദ്ധ്യപ്പെട്ടുവെന്ന് ദേവസ്വംബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞദിവസം കിരീടം നേരില്‍കണ്ട് ബോദ്ധ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടാണ് ഉച്ചയോടെ നല്‍കിയത്.

ശബരിമല സന്നിധാനത്തെ സ്ട്രോംഗ് റൂമിലാണ് മുന്‍പ് കിരീടം ഉണ്ടായിരുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം നടന്ന തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്വര്‍ണക്കീരിടം കാണാനില്ലെന്ന വിവരം കണ്ടെത്തിയത്. 2012ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ സമര്‍പ്പിച്ച കിരീടമാണ് കാണാതായത്. സ്ട്രോംഗ് റൂമില്‍ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തില്‍ നിര്‍മിച്ച കിരീടം ഉണ്ടെന്നാണ് വിവരം. വജ്രത്തിന് സമാനമായ വെള്ളക്കല്ലും ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. ഭക്തര്‍ സമര്‍പ്പിച്ചതിന് അന്ന് 445.78 ഗ്രാമാണ് ആകെ തൂക്കം.

എന്നാല്‍ മുക്കുപണ്ട കിരീടത്തിന് 240 ഗ്രാം മാത്രമാണ് ഉള്ളത്. ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തില്‍ ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചത്. ഇതിനുപിന്നാലെ ഉണ്ടായ വിവാദത്തിനാണ് ഇപ്പോള്‍ അവസാനമായത്.