Spread the love

നോയിഡ : ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് യമുന എക്‌സ്പ്രസ്‌വേയിൽ അപകടമുണ്ടായത്.

ഡൽഹിയിൽനിന്ന് മഹോബയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബസിലാണ് അപ്രതീക്ഷിതമായി തീ പടർന്നത്. മുപ്പതിലേറെ യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടസമയത്ത് ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നതിനാൽ തീ പടർന്നതോടെ പരിഭ്രാന്തി സൃഷ്ടിച്ചു.

തീ ആളിപ്പടർന്നതോടെ ചില യാത്രക്കാർ ബസിന്റെ ജനലുകൾ വഴി പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. എക്‌സ്പ്രസ്‌വേയുടെ വശത്ത് നിർത്തിയ ബസിനെ തീ അതിവേഗം വിഴുങ്ങുകയായിരുന്നു.

വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ്, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു.