Spread the love

കൊല്ലം : പാമ്പുകടിയേറ്റതിന് പിന്നാലെ കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ച് യുവാവ്. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ആഷ്ലിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പാമ്പിനെയും ഒപ്പം കൊണ്ടെത്തിയത്. യുവാവിന്റെ നടപടിയിൽ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ഞെട്ടി.

വീട്ടിലെ അഴയിൽനിന്ന് ഷർട്ട് എടുക്കുന്നതിനിടെയാണ് ആഷ്ലിക്ക് പാമ്പിന്റെ കടിയേറ്റത്. സംഭവത്തിന് പിന്നാലെ പാമ്പിനെ പിടികൂടിയ അദ്ദേഹം സുരക്ഷിതമായി കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കടിച്ച പാമ്പിന്റെ ഇനം തിരിച്ചറിയുന്നത് ചികിത്സയ്ക്ക് ആവശ്യമായ ആന്റിവെനം തിരഞ്ഞെടുക്കുന്നതിന് സഹായിക്കുമെന്ന ധാരണയിലാണ് പാമ്പിനെ ഒപ്പം കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു.

വീടിന്റെ മുറ്റത്തുവച്ചാണ് പാമ്പുകടിയേറ്റത്. ആശുപത്രിയിലെത്തിയ ഉടൻ ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. ആഷ്ലിയുടെ ആരോഗ്യനില നിലവിൽ നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.