Spread the love

മാസപ്പടി: പിണറായി കുടുംബത്തിനെതിരെ കേസ് എടുക്കാമെന്ന് നിയമോപദേശം…

കൊച്ചി: സി.എം.ആര്‍.എല്‍- എക്സാലോജിക് മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി.വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ഇ.ഡി നല്‍കിയ കത്തില്‍ മതിയായ തെളിവുണ്ടെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.

വേണ്ടത്ര തെളിവില്ലെങ്കില്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തണം. അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു ഇന്നലെ രാത്രിയാണ് നിയമോപദേശം സര്‍ക്കാരിന് ഇ- മെയില്‍ വഴി കൈമാറിയത്. ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് കൈമാറിയത് കണക്കിലെടുത്ത് പൊലീസിനാണ് നിയമോപദേശം നല്‍കിയത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വ്യാഴാഴ്ച രാത്രി എ.ജി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.അസഫലി, അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മുഹമ്മദ് ഷാ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനമെടുത്തത്. ഇ.ഡി നല്‍കിയ കത്ത് വിശദമായി പരിശോധിച്ചാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പിണറായി വിജയന്‍, മകള്‍ ടി.വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളാണ് കത്തിലുള്ളത്. ഏറെ മാനങ്ങളുള്ള കേസായതിനാല്‍ പല തവണ കൂടിയാലോചന നടത്തിയ ശേഷമാണ് എ.ജിയുടെ നിയമോപദേശം.