Spread the love

മുഖ്യമന്ത്രിയെ തടഞ്ഞത് ശരിയായില്ല. മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രി കെ. മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെ നടുറോഡില്‍ തടഞ്ഞത് ശരിയായില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാത്തത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും മുരളീധരന്‍ വ്യക്തമാക്കി. താനും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നും പക്ഷേ യോഗം റദ്ദാക്കിയെന്ന് അവര്‍ വിളിച്ചുപറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ തടഞ്ഞാല്‍ പോലീസിന് നടപടിയെടുക്കേണ്ടിവരുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഇന്നലെ ചേന്തിയില്‍ നടക്കാനിരുന്ന ചതയദിന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. ‘എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം.

‘ഡിസിസി മെമ്പര്‍ നടത്തുന്ന പരിപാടിയായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് ഞാന്‍ അറിഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞാല്‍ പോലീസിന് നടപടിയെടുക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ ലിസ്റ്റില്‍ ആ പരിപാടി ഇല്ലെന്ന് എന്നോട് ഉച്ചയ്ക്ക് തന്നെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി എത്ര മണിക്ക് വരുമെന്ന് അറിയാന്‍ ഞാന്‍ ഓഫീസില്‍ വിളിച്ചപ്പോഴാണ് ആ പരിപാടി ചാര്‍ട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞത്’- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്ത് സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.