Spread the love

നേപ്പാള്‍ മിന്നല്‍ പ്രളയം; അന്വേഷിച്ച 82 പേരില്‍ 60 കേരളീയരും സുരക്ഷിതര്‍
14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍. ഇനി കണ്ടെത്താനുളളത് ഏട്ടു പേരെ
നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുളള കേരളത്തില്‍ നിന്നുളളവര്‍
23 അംഗ കൈലാസ് മാനസരോവർ സംഘം നാളെ കാഠ്മണ്ഡുവിലെത്തും

നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ മേഖലയില്‍ കുടുംങ്ങിയെന്ന് സംശയിക്കുന്ന 82 പേരുടെ വിവരങ്ങള്‍ തേടിയാണ് ഹെല്‍പ്പ് ഡെസ്കുകളില്‍ അന്വേഷണമെത്തിയത്. ഇവരില്‍ 60 കേരളീയരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുളള കേരളത്തില്‍ നിന്നുളളവരും NRI(K), നാലു പേര്‍ കേരളീയരുമാണ്. ഈ ഏട്ടുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും അതത് സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. കൈലാസ് മാനസരോവർ യാത്രയ്ക്കായി പോയ 19 കേരളീയരടങ്ങുന്ന 23 അംഗ ഇന്ത്യൻ സംഘം ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്. വൈകുന്നേരത്തോടെ സംഘം സാഗയിൽ എത്തിച്ചേരും. ആഗസ്റ്റ് 29 ന് രാവിലെ സാഗയിൽ നിന്ന് കൊദാരി–നയാലം ബോർഡർ ക്രോസിംഗ് വഴി നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിക്കും. തുടര്‍ന്ന് 31 ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാര്‍ഗ്ഗം ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്നാണ് വിവരം. സംഘത്തിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് നിരീക്ഷിച്ചുവരികയാണ്.

മറ്റ് കേരളീയരില്‍ ചിലർ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാർജിലിംഗില്‍ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിതരാണ്. നേപ്പാളിലെ ലങ്‌ടാങിലെ തുലോ സ്യാബ്രുവിൽ നിന്ന് അവസാനമായി ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചും കർണാലി പ്രവിശ്യയിലെ ജെജെർകോട്ടിൽ യാത്രാതടസ്സം നേരിടുന്ന മറ്റൊരാളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ഹെല്‍പ്പ് ഡെസ്കുകളിലോ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടാം. മുഖ്യമന്ത്രിയുടെയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫീസുകളിലേയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്കുകളിലും ആഗസ്റ്റ് 27 ന് വൈകിട്ടുവരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് 82 പേരുടെ പട്ടിക തയ്യാറാക്കിയത്.
————————————–