Spread the love

പത്താംനിലയില്‍ നിന്ന് നവവധുവിന്റെ ചാട്ടം, മരചില്ലയില്‍ കുടുങ്ങി

മൂംബൈ: ഫ്‌ളാറ്റിന്റെ പത്താംനിലയില്‍നിന്ന് താഴേക്ക് ചാടിയ നവവധു അത്ഭുതകരമായി രക്ഷപ്പെട്ടു. നിലത്തുവീഴാതെ മരച്ചില്ലയില്‍ കുടുങ്ങിയതോടെയാണ് 26 കാരി രക്ഷപ്പെട്ടത്. ഭണ്ഡൂപ്പ് വെസ്റ്റിലെ എസ്ആര്‍എ കെട്ടിടത്തിലാണ് സംഭവം. മരച്ചില്ലയില്‍ കുരുങ്ങിയ യുവതിയെ മുംബയ് അഗ്‌നിശമനസേനയെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ഗ്രൗണ്ട് പ്ലസ് 21 നിലകളുള്ള കെട്ടിടത്തിന്റെ പത്താം നിലയില്‍നിന്ന് രാവിലെ 9.30 ഓടെയാണ് യുവതി താഴേക്ക് ചാടിയത്. ഏകദേശം 20 അടി ഉയരത്തിലുള്ള മരച്ചില്ലയിലാണ് യുവതി കുടുങ്ങിക്കിടന്നത്. മരത്തിന്റെ ചില്ലകളിലൊന്ന് യുവതിയുടെ വലത് തുടയില്‍ തുളച്ചുകയറി. സ്റ്റേഷന്‍ ഓഫീസര്‍ വിഎസ് ബന്ദ്ഗറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംഗസ് ലാഡറിന്റെ സഹായത്തോടെ അഗ്‌നിശമനസേനാംഗങ്ങള്‍ യുവതിയുടെ അടുത്തെത്തി. കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാനായി പ്രത്യേക ശ്രദ്ധയോടെയാണ് മരക്കൊമ്പ് മുറിച്ചത്. കാന്‍വാസ് സ്ട്രെച്ചര്‍ കയറുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി യുവതിയെ താഴെയിറക്കി.

തുടയില്‍ തുളച്ചുകയറിയ മരക്കൊമ്പിന്റെ ഭാഗങ്ങളുമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്രവാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം അടിയന്തര ശസ്ത്രക്രിയയ്ക്കായി യുവതിയെ സയണ്‍ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ഇതുവരെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാശ്രമമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)