ആലപ്പുഴ∙ എന്നെ സ്നേഹിക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…’’ ചോദ്യം ചെയ്യലിനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണു ചോദ്യംചെയ്യൽ വേളയിൽ വിങ്ങിപ്പൊട്ടിയത്.
കരുവാറ്റ ഒമ്പതാം വാർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാരാണ് (65) മരിച്ചത്. സംഭവത്തിൽ ശിവൻകുട്ടിയുടെ അടുത്ത ബന്ധുവായ 13 വയസുകാരിയടക്കം നാലു അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിനു കർശനനിർദേശം നൽകിയതും താനാണെന്നു പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. കുറ്റബോധമില്ലാത്ത വിധമാണു പെൺകുട്ടി പ്രതികരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

