Spread the love

പാടശേഖര റോഡുകളിൽ ഉയർന്ന വയഡക്റ്റ് മാതൃക വേണം; പ്രളയകാല ഗതാഗതത്തിന് ലോകത്ത് വിജയകരമായ മാതൃകകളുണ്ടെന്ന് വിദഗ്ധൻ. കേരളത്തിലെ ഭാവി പദ്ധതികളിലും പരിഗണിക്കണം

കോട്ടയം: ഈരയിൽക്കടവ്–മണിപ്പുഴ ബൈപാസ്, ചങ്ങനാശ്ശേരി–ആലപ്പുഴ റോഡ്, കോട്ടയം–കുമരകം തുടങ്ങിയ പാടശേഖരങ്ങളിലൂടെയുള്ള പ്രധാന റോഡുകളിൽ “സെഗ്മെന്റൽ എലിവേറ്റഡ് വയഡക്റ്റ് (പ്രധാന തിരശ്ചീന ഭാഗം) ഉയരുന്ന (Ascending), ഇറങ്ങുന്ന (Descending) അപ്രോച്ച് റാമ്പുകളോടുകൂടിയ” മാതൃക പരിഗണിച്ചിരുന്നെങ്കിൽ സമീപകാല വെള്ളപ്പൊക്കത്തിൽ ഉണ്ടായ ഗതാഗത തടസ്സങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകുമായിരുന്നുവെന്ന് പരിസ്ഥിതി ഗവേഷകനും കെ.എസ്.ഇ.ബി. മുൻ ഡെപ്യൂട്ടി ചീഫ് എൻജിനീയറുമായ ഡോ. ജോസഫ് പി. വർഗീസ്.

 

2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 5 വരെ പെയ്ത കനത്ത മഴയെ തുടർന്ന് എരയിൽക്കടവ്–മണിപ്പുഴ ബൈപാസിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. മുൻവർഷങ്ങളിലെ മഴക്കാലങ്ങളിലും സമാന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളത്തിൽ മുങ്ങിയ കോട്ടയം- കുമരകം റോഡ്, ചങ്ങനാശ്ശേരി- ആലപ്പുഴ റോഡ് തുടങ്ങിയ

പാടശേഖരങ്ങളിലൂടെയുള്ള റോഡുകളിൽ പ്രധാന ഭാഗം തൂണുകളിൽ ഉയർത്തി നിർമ്മിക്കുന്ന സെഗ്മെന്റൽ എലിവേറ്റഡ് വയഡക്റ്റും തുടക്കത്തിലും അവസാനത്തിലും ക്രമാനുസൃതമായ കയറ്റിറക്ക റാമ്പുകളും ഉൾപ്പെടുന്ന മാതൃക സ്വീകരിച്ചാൽ സ്വാഭാവിക ജലപ്രവാഹം തടസ്സപ്പെടാതെ നിലനിർത്താനും ദീർഘകാല വെള്ളക്കെട്ട് കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മഴക്കാലത്ത് ഗതാഗത സുരക്ഷയും മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന ആശയത്തിൽ ഉയർന്ന വയഡക്റ്റുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. ജോസഫ് പി. വർഗീസ് ചൂണ്ടിക്കാട്ടി. തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള ബാങ് നാ എക്‌സ്പ്രസ്‌വേ 2011-ലെ മഹാപ്രളയകാലത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായപ്പോഴും പ്രവർത്തനക്ഷമമായി തുടരുകയും രക്ഷാപ്രവർത്തനങ്ങൾക്കും അവശ്യ ഗതാഗതത്തിനും നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. ഹോങ്കോങ്ങിലെ കടലോര-താഴ്ന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഉയർന്ന വയഡക്റ്റുകൾ കൊടുങ്കാറ്റും വെള്ളപ്പൊക്കവും പരിഗണിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

മലേഷ്യയിലെ ജോഹോർ ബഹ്റുവിലെ ഈസ്റ്റേൺ ഡിസ്പേഴ്സൽ ലിങ്ക് പ്രളയസാധ്യതയുള്ള മേഖലകളിലൂടെ കടന്നുപോകുന്ന ഉയർന്ന പാതയായതിനാൽ താഴെയുള്ള റോഡുകൾ വെള്ളത്തിലായാലും വാഹനഗതാഗതം തുടരാൻ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ദേശീയപാത 66-ലെ ആറൂർ എലിവേറ്റഡ് കോറിഡോർ വെള്ളക്കെട്ട് പതിവുള്ള പ്രദേശത്ത് മഴക്കാല ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

എന്നാൽ, ഇത്തരം ഉയർന്ന വയഡക്റ്റുകൾ പ്രളയപ്രതിരോധത്തിനായി ഉപയോഗിക്കണമെങ്കിൽ പ്രത്യേക എഞ്ചിനീയറിങ് രൂപകൽപ്പന അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയനിരപ്പിനേക്കാൾ ഉയരത്തിൽ വയഡക്റ്റ് നിർമ്മിക്കുക, വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകൾ യോജിച്ച അകലത്തിൽ സ്ഥാപിക്കുക, അപ്രോച്ച് റാമ്പുകൾ പ്രളയനിരപ്പിന് മുകളിലായി രൂപകൽപ്പന ചെയ്യുക, ആവശ്യമായിടത്ത് കരിങ്കെട്ടുകൾ, പ്രളയഭിത്തികൾ, ജലസംഭരണ മേഖലകൾ എന്നിവയുമായി സംയോജിപ്പിക്കുക തുടങ്ങിയ ഘടകങ്ങൾ ഇതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, എരയിൽക്കടവ്–മണിപ്പുഴ ബൈപാസിൽ ഇത്തരമൊരു മാതൃക സ്വീകരിച്ചിരുന്നെങ്കിൽ സമീപകാല വെള്ളപ്പൊക്കം തീർച്ചയായും ഒഴിവാക്കാമായിരുന്നുവെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും, അതിന് വിശദമായ ഹൈഡ്രോളജിക്കൽ, ജിയോടെക്നിക്കൽ, പരിസ്ഥിതി, ട്രാഫിക് പഠനങ്ങൾ ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ലോകത്ത് ഉയർന്ന വയഡക്റ്റുകൾ പ്രധാനമായും പ്രളയകാലത്തും ഗതാഗതം തടസ്സപ്പെടാതിരിക്കാൻ രൂപകൽപ്പന ചെയ്തവയാണെങ്കിലും, പ്രളയപ്രതിരോധവും ഗതാഗതസംരക്ഷണവും ഒരുമിച്ച് ലക്ഷ്യമിടുന്ന സമഗ്ര മാതൃകകൾ ഇപ്പോഴും അപൂർവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും ശക്തമായ മഴയും വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പാടശേഖര പ്രദേശങ്ങളിലെ ഭാവി റോഡ് വികസന പദ്ധതികളിൽ ഇത്തരം ശാസ്ത്രീയ സമീപനങ്ങൾ ഗൗരവമായി പരിഗണിക്കേണ്ട സമയമായതായി ഡോ. ജോസഫ് പി. വർഗീസ് അഭിപ്രായപ്പെട്ടു.

 

(Engineering and Renewable Energy Technologies from NIT യിൽ ഇന്നും പി എച്ച്ഡി ലഭിച്ചിട്ടുള്ള.ജോസഫ് വർഗീസ്Former Deputy Chief Engineer in KSEBLFormer Power System Consultant in Ministry of Energy , Kuwait  എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു )