തിരുവനന്തപുരം ∙ ഇന്ന് കേരളത്തിലെ 10 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം മലപ്പുറം പാണക്കാട് എടയ്പ്പാലത്തിനു സമീപം കരുവാക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. സംസ്ഥാന പാതയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം. രാവിലെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് റിപ്പോർട്ടിങ്ങിനായി മാധ്യമപ്രവർത്തകർ അടക്കം നൂറോളം പേർ നിൽക്കുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്.
അതിനിടെ ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ താഴെ പറയുന്ന നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട് . ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: പമ്പ (മടമൺ സ്റ്റേഷൻ)
കോട്ടയം : മീനച്ചിൽ (കിടങ്ങൂർ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
കോട്ടയം : മണിമല (പുല്ലക്കയാർ സ്റ്റേഷൻ)
എറണാകുളം: കാളിയാർ (കലംപുർ സ്റ്റേഷൻ)
യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

