ദുരന്തമുഖത്ത് വെള്ളത്തിൽ ഇറങ്ങി രക്ഷാപ്രവർത്തനങ്ങളുമായി ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. അയർക്കുന്നം പഞ്ചായത്തിലെ പറമ്പുക്കര ഉൾപ്പെടെയുള്ള വെള്ളപ്പൊക്കബാധിത മേഖലകളിൽ നേരിട്ടെത്തിയ അദ്ദേഹം, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ ഡിഫൻസ്, റവന്യൂ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും എം.എൽ.എ നേതൃത്വം നൽകി. ദുരിതബാധിതരെ നേരിൽ സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ വിലയിരുത്തിയ അദ്ദേഹം, സർക്കാർ സംവിധാനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു എല്ലാ സഹായങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും ദുരന്തത്തിന്റെ ആഘാതം പൂർണമായും മറികടക്കുന്നതുവരെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി തുടരുമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.

