Spread the love

കോട്ടയത്തിന്റെ മലയോര മേഖലകളില്‍ മിന്നല്‍ വെള്ളപ്പൊക്കം, പ്രളയ ഭീതി, പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍

കോട്ടയം ജില്ലയുടെ കിഴക്കന്‍ കനത്തമഴ തുടരുന്നു. മലയോര മേഖലകളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വന്‍ വെള്ളപ്പൊക്കം. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, എരുമേലി ജനവാസ മേഖലകളില്‍ വെള്ളം പൊങ്ങിയതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി.
ഈരാറ്റുപേട്ട ടൗണില്‍ രാത്രി ഉണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കം. ടൗണിലൂടെ വാഹനങ്ങള്‍ കടന്നുപോകില്ല. 2018ല്‍ വന്നതിനേക്കാള്‍ കൂടുതല്‍ ഉയരത്തിലാണ് ടൗണില്‍ വെള്ളം കയറിയത് എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. നടക്കല്‍ മുരിക്കോലി ഭാഗങ്ങളിലും വെള്ളം കയറി.

നിരവധി വീടുകള്‍ വെള്ളത്തിലായി. വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ നിലവില്‍ പുറത്ത് എത്തിച്ചു കൊണ്ടിരിക്കുകയാണ്.ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം. ഇവിടെ ഒരു വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായി. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.പ്രദേശത്ത് മറ്റ് പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സമാനമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്:

നടക്കല്‍, മുരിക്കോലി ഭാഗങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. വീടുകളുടെ രണ്ടാം നിലയില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. പ്രദേശത്ത് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകള്‍ ജനനിരപ്പ് ഉയര്‍ന്നു. മണിമലയാറും പുല്ലകയാറും കരകവിഞ്ഞൊഴുകിയതോടെ കൂട്ടിക്കല്‍ കോസ്വേയും ചപ്പാത്തും മുങ്ങി. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. മുണ്ടക്കയം കോസ്വേയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് ഇവിടുത്തെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.ഉപ്പുതറയില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.ഇടുക്കിയില്‍ പുല്ലകയാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊക്കയാര്‍ ചപ്പാത്ത് പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. ആറോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടുത്തെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

പത്തനംതിട്ടയിലും ജാഗ്രതാ നിര്‍ദേശം.പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മേഖലകളിലും മഴ ശക്തമാണ്. തണ്ണിത്തോട് തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. തൂമ്പാക്കുളം ജംഗ്ഷനില്‍ ചെളിയും മരങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്..മഴ ശക്തമായതോടെ പമ്പയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി
മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കനത്ത മഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍മാര്‍ . പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

മഴ; ജനങ്ങള്‍ ജാഗ്രത പലിക്കണമെന്ന് കോട്ടയംജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം- കളക്ടര്‍ നിര്‍ദേശിച്ചു.

മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടായി.ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടര്‍ അറിയിച്ചു.

എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ആറു കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളുടെ പട്ടിക ചുവടെ

1. ജെ.ജെ മര്‍ഫി സ്‌കൂള്‍ എന്തയാര്‍
2. സി.എം.എസ് എല്‍.പി സ്‌കൂള്‍ കൂട്ടിക്കല്‍
3. ശങ്കര്‍ മെമ്മോറില്‍ സ്‌കൂള്‍ ഇളംകാട്
4. തുഷാര ക്ലബ് പെരുന്തുരുത്ത്
5. സി.എം.എസ് എള്‍.പി സ്‌കൂള്‍ മുണ്ടക്കയം
6. സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുത്തന്‍ചന്ത , മുണ്ടക്കയം.