Spread the love

 

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

മഴ; ജനങ്ങള്‍ ജാഗ്രത പലിക്കണമെന്ന് ജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം- കളക്ടര്‍ നിര്‍ദേശിച്ചു.

മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടായി.ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടര്‍ അറിയിച്ചു.

എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ആറു കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളുടെ പട്ടിക ചുവടെ

1. ജെ.ജെ മര്‍ഫി സ്‌കൂള്‍ എന്തയാര്‍
2. സി.എം.എസ് എല്‍.പി സ്‌കൂള്‍ കൂട്ടിക്കല്‍
3. ശങ്കര്‍ മെമ്മോറില്‍ സ്‌കൂള്‍ ഇളംകാട്
4. തുഷാര ക്ലബ് പെരുന്തുരുത്ത്
5. സി.എം.എസ് എള്‍.പി സ്‌കൂള്‍ മുണ്ടക്കയം
6. സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുത്തന്‍ചന്ത , മുണ്ടക്കയം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(ഓഗസ്റ്റ് 1 ശനി) ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.