വ്യത്യസ്ത വേഷങ്ങളിലൂടെ ബോളിവുഡിൽ വളരെ പെട്ടന്ന് തന്റേതായ സ്ഥാനം സൃഷ്ടിച്ച താരമാണ് കൃതി സനോൺ. താരത്തിന്റെ 36ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. ജന്മദിനത്തോടനുബന്ധിച്ച് നടിയുടെ പ്രഭാത സ്കിൻകെയർ റൂട്ടീൻ വീണ്ടും ശ്രദ്ധ നേടുകയാണ്. ചർമത്തെ ജലാംശം നിറഞ്ഞതും തിളക്കമുള്ളതുമായി നിലനിർത്താൻ കൃതി ദിവസവും പിന്തുടരുന്ന ഏഴ് കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലളിതവും സ്ഥിരതയുള്ളതുമായ പരിചരണമാണ് മനോഹരമായ ചർമത്തിന്റെ രഹസ്യമെന്നാണ് നടിയുടെ വിശ്വാസം.
രാവിലെ എഴുന്നേറ്റ ഉടൻ പോഷകസമൃദ്ധമായ ഒരു ഹൈഡ്രേറ്റിങ് ഫേസ് മാസ്ക് ഉപയോഗിച്ചാണ് കൃതി ദിനം ആരംഭിക്കുന്നത്. ചർമത്തിന് ആവശ്യമായ ഈർപ്പം നൽകുന്നതിനൊപ്പം ദിവസം മുഴുവൻ സൂര്യപ്രകാശത്തെയും മലിനീകരണത്തെയും പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് താരം പറയുന്നത്. മാസ്ക് പുരട്ടിയിരിക്കുന്ന സമയത്ത് ചൂടുവെള്ളത്തിൽ നാരങ്ങ നീര് ചേർത്ത പാനീയം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ശീലമാണ്.
മാസ്ക് കഴുകിക്കളഞ്ഞ ശേഷം മുഖം തുടച്ച് അൽപ്പം ഈർപ്പത്തോടെ തന്നെ ടോണർ ഉപയോഗിക്കുന്നു. ഇത് ചർമകോശങ്ങളെ സംരക്ഷിക്കാനും മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് താരം പറയുന്നു. തുടർന്ന് വിറ്റാമിൻ സി സീറം പുരട്ടുന്നു.
അടുത്ത ഘട്ടം സൺസ്ക്രീൻ ആണ്. മോയ്സ്ചറൈസറും എസ്പിഎഫും ഒരുമിച്ചുള്ള ഹൈഡ്രേറ്റിങ് സൺസ്ക്രീൻ ആണ് കൃതി മുൻഗണന നൽകുന്നത്. സൺസ്ക്രീൻ ഒരിക്കലും ഒഴിവാക്കരുതെന്നും താരം ഓർമ്മിപ്പിക്കുന്നു. ഇത് ചർമത്തിന്റെ സംരക്ഷണ പാളി ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും കൃതി പറയുന്നു

