Spread the love

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. വയനാട് സ്വദേശിയാണ് കേസിലെ മുഖ്യകണ്ണി എന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം.

ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്. അതേസമയം പിടിയിലായ മൂന്നു അധ്യാപകരും ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവും പൊലീസിന്‍റെ വലയിലായി. മൂവരും പേരമ്പ്ര ബി.ആര്‍.സിയിലെ താത്കാലിക അധ്യാപികമാരാണ്. കേസിൽ പിടിയിലായ മരുതോങ്കര സ്വദേശി കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അധ്യാപികയാണ്.

പേരാന്പ്ര ബിആ‍‍ര്‍സിയിലെ അധ്യാപികമാരുടെ സംശയം ശരിവെയ്ക്കുന്നതാണ് കീര്‍ത്തനയ്ക്കും കാവ്യക്കും പിന്നാലെ നീഷ്മയുടെ അറസ്റ്റ്. മൂവരും പേരാന്പ്ര ബിആര്‍സിയിൽ തോളോട് തോൾ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. നീഷ്മ സ്പെഷ്യൽ എജ്യുക്കേറ്ററാണ്. ഓട്ടിസം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപികയും അധ്യാപികമാരെ പരിശീലിപ്പിക്കുന്ന ട്രെയിനറും. അറസ്റ്റിന് പിന്നാലെ കരാര്‍ ജീവനക്കാരിയായ നീഷ്മയേയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു.

ലഹരി സംഘങ്ങളുമായി ഇൻസ്റ്റഗ്രാംവഴി ബന്ധം സ്ഥാപിച്ചാണ് അധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. മയക്ക് മരുന്ന് വിറ്റ് കിട്ടിയിരുന്ന പണം മൂവരും പങ്കിടും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തര്‍ സംസ്ഥാന സംഘവുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

പേരാമ്പ്ര ബി.ആര്‍.സിയില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. സദാസമയവും ഒപ്പമുണ്ടായിരുന്ന ഈ മൂവര്‍സംഘം ലഹരി ഉപയോഗത്തില്‍ മാത്രമല്ല, ലഹരിമാഫിയയുടെ അക്കൗണ്ട് ഇടപാടുകള്‍ കൈകാര്യം ചഹെയ്തിരുന്നു. നീഷ്മയുടെ ബാങ്ക് അക്കൗണ്ട് വഴിയും എം.ഡി.എം.എ കച്ചവടത്തിന്റെ വലിയൊരു തുക മറിഞ്ഞതായി പോലീസ് കണ്ടെത്തി.