Spread the love

ദുരൂഹത ബാക്കിവെച്ച്  ചിറപ്പുറത്ത് കുടുംബം യാത്രയായി. ജീവനോടുക്കിയ  കുടുംബത്തിന് കൂരോപ്പടയുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

കോട്ടയം : കൂരോപ്പട ളാക്കാട്ടൂർ മറ്റപ്പള്ളിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ ചിറപ്പുറത്ത് കുടുംബത്തിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചിറപ്പുറത്ത് കുടുംബത്തിലെ 4 പേരുടെയും ഭൗതികശരീരങ്ങൾ പൊതു ദർശനത്തിനായി രാവിലെ ചേപ്പുംപാറ മാർത്തമറിയം പള്ളി ഹാളിൽ എത്തിച്ചു. നൂറു കണക്കിനാളുകൾ ഇവരെ ഒരു നോക്ക് കാണാൻ ഓടിയെത്തി. മരിയയും അലനും പഠിച്ചിരുന്ന മറ്റക്കര സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠികളെ യാത്രയാക്കാൻ വേദനയോടെ എത്തി.

ചിറപ്പുറത്ത് വീട്ടിൽ തോമസ് (ജോബി – 50 ), ഭാര്യ ജോത്സന തോമസ് (42), മക്കളായ മരിയ തെരേസ (17), അലൻ തോമസ് (12) എന്നിവർക്ക് യാത്രാമൊഴി നൽകാൻ ചാണ്ടി ഉമ്മൻ എം.എൽ.എ, റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി, മുൻ എം.പി തോമസ് ചാഴികാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെയ്ജി പാലക്കലോടി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇ.എസ് വിനോദ്, സുനിൽ തോമസ്, ഗീതാ രാധാകഷ്ണൻ, വിവിധ രാഷ്ടീയകക്ഷി നേതാക്കളായ അനിൽ കൂരോപ്പട, കുഞ്ഞ് പുതുശ്ശേരി, ജെ.ലേഖ, സി.ജി.ഗോപകമാർ, വർഗീസ് താഴത്ത്, ജിജി നാഗമറ്റം, മഞ്ജു പ്രദീപ്, ടോംസൺ ചക്കുപാറ, വിനോദ് മഞ്ഞാലറ്റം, കെ.കെ ഹരി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം

ഉച്ചകഴിഞ്ഞ് സംസ്ക്കാരം മർത്തമറിയം പള്ളി സെമിത്തേരിയിൽ നടന്നു.

നാലംഗകുടുംബത്തെ കഴിഞ്ഞ 13 ന് വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിച്ചത് മുതൽ കൂരോപ്പട ഗ്രാമം മുഴുവർ നെഞ്ചുരുകി പ്രാർത്ഥനയിലായിരുന്നു.എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ഒരോരുത്തരുടെ മരണ വാർത്തകളാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പുറത്ത് വന്നിരുന്നത്.

കുടുബത്തിന്റെ മരണത്തിൽ കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ ഊർജിത അന്വേഷണം നടന്ന് വരുകയാണ്.ഇവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.