Spread the love

ഗാങ്ടോക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ടുപേർ കൊല്ലപ്പെട്ടു. കോട്ടയം സ്വദേശിയെ അടക്കം നിരവധി പേരെ കാണാതാവുകയും ചെയ്തു. നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. അനീഷിൻ്റെ കുടുംബാംഗങ്ങൾ അപകടസ്ഥലത്തേക്ക് തിരിച്ചു.

ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്.ശാസ്ത്രലേഖകനും സയൻസ് വ്ലോഗറും കൂടിയാണ് അനീഷ്. നാംചി ജില്ലയിലുള്ള സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണ്ണമായും തടസ്സപ്പെടുത്തിക്കൊണ്ട് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തുരങ്കത്തിന്റെ കവാടം അടഞ്ഞ നിലയിലായതിനാൽ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അതീവ ദുഷ്കരമായി തുടരുകയാണ്.

സംഭവത്തിൽ ഇതുവരെ 20 പേർ മരിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിനുള്ളിലുണ്ടായ മീഥെയ്ൻ ഗ്യാസ് ചോർച്ച രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഭൂഗർഭ ശിലാഘടനകളിലുണ്ടായ മാറ്റം കാരണമാണ് ഈ വിഷവാതകം പ്രകൃതിദത്തമായി പുറത്തുവരുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.