Spread the love

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. റാമിനെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. ആന്ധ്രപ്രദേശിൽ വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന റാം ഒടുവിൽ കർണാടകയിലേക്കു കടക്കുകയായിരുന്നു. കുടകിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണു പിടിയിലായതെന്നാണു വിവരം.

നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിൽ എത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.

നേരത്തെ, മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. നിതിൻ രാജ് ക്ലാസ്മുറിക്കുള്ളിൽ അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി. സഹപാഠികൾക്ക് മുന്നിൽവെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ വൈ. രാജൻ–സി.ആർ. ലത ദമ്പതികളുടെ മകൻ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ ആരോപണം.