Spread the love

തൃശൂർ: പഴഞ്ഞി അരുവായി പത്തങ്ങാടി റോഡിൽ മടക്കനായ്ക്കൽ സിബിയുടെ കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നാടിനെ ഒന്നാകെ നടുക്കി. വിഷം കഴിച്ചെങ്കിലും മരണം പെട്ടെന്ന് സംഭവിക്കാതെ വന്നതോടെ, അതീവ ദാരുണമായ രീതിയിൽ ജീവനൊടുക്കാൻ അവർ ശ്രമിച്ചെന്ന പൊലീസിന്റെ കണ്ടെത്തൽ ഏറെ ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ പിതാവ് സിബി (52), മകൾ അലീന (19) എന്നിവർ മരണത്തിന് കീഴടങ്ങി. ഇന്നലെ പുലർച്ചെയാണ് സംഭവം നാട്ടുകാരറിഞ്ഞത്.

ഗൾഫിൽ ഡിസൈനറായി ജോലി ചെയ്തിരുന്ന സിബി ശനിയാഴ്ച പുലർച്ചെയാണ് വീട്ടിലെത്തിയത്. രാത്രിയോടെ കുടുംബം വിഷം കഴിച്ചതായി സൂചനയുണ്ട്. ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽ ആളുകളെ കണ്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾ അലീന ജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു. സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു. സിബിയുടെ ഭാര്യ ബീന(42) കൈ ഞരമ്പു മുറിക്കാനും തൂങ്ങി മരിക്കാനും ശ്രമിച്ചെങ്കിലും മകൻ ആദിത്യൻ(18) കയർ മുറിച്ച് ബീനയെ രക്ഷിക്കുകയായിരുന്നു.

അതേസമയം നിലവിൽ ബീനയും ആദിത്യനും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ആദിത്യൻ ബിടെക്കിന് ചേരാൻ തയ്യാറെടുക്കുകയായിരുന്നു . നീറ്റ് പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു മരിച്ച അലീന. സ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുടുംബത്തിന്റെ കടബാധ്യതകളോ മറ്റ് വ്യക്തിപരമായ പ്രതിസന്ധികളോ ആണോ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ ആത്മഹത്യാ പ്രവണതയോ ഉണ്ടെങ്കിൽ വിദഗ്ധ സഹായം തേടുക. ‘ദിശ’ ഹെൽപ് ലൈൻ: 1056, 0471-2552056)