ഹോര്‍മുസില്‍ ഇറാന്‍ ആക്രമണം. യുഎഇ ടാങ്കറിലെ ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു
ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ ടാങ്കറുകള്‍ക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ക്രൂ അംഗം കൊല്ലപ്പെട്ടു. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ന്‍ സ്വദേശികളുമുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ടെഹ്റാനില്‍ യുഎസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇറാന്‍ തിരിച്ചടിച്ചത്.
മൊംബാസ, അല്‍ ബഹിയാഹ് എന്നീ ടാങ്കറുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഒമാനി ജലപാതയിലൂടെ കടന്നുപോകുന്നതിനിടെ ഇറാനിയന്‍ ക്രൂസ് മിസൈലുകള്‍ ടാങ്കറുകളില്‍ പതിക്കുകയായിരുന്നു.ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് യുഎഇ പ്രസ്താവനയില്‍ ആരോപിച്ചു. ആക്രമണം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്നും വിമര്‍ശിച്ചു. സംഘര്‍ഷത്തോട് പ്രതികരിക്കാനും രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പൗരന്മാര്‍ എന്നിവരെ സംരക്ഷിക്കാനും യുഎഇയ്ക്ക് പൂര്‍ണ അവകാശമുണ്ടെന്നും പ്രസ്താവനയില്‍ യുഎഇ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും നേരിടാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഏത് ഭീഷണിയെയും നേരിടാന്‍ തയ്യാറാണെന്നും യുഎഇ പ്രതികരിച്ചു.ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായാണ് യുഎസും ഇറാനും പരസ്പരം ഏറ്റുമുട്ടുന്നത്. ഇറാനുനേരെ പുതിയ ആക്രമണത്തിന് തുടക്കമിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

