നോര്‍വെയുടെ കടുത്ത പോരാട്ടം കടന്ന് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍
കളം നിറഞ്ഞ നോര്‍വയുടെ കടുത്ത പോരാട്ടം അതിജീവിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. ജൂഡ് ബെല്ലിങ്ങാം ഇരട്ട ഗോള്‍ നേടി. എക്സ്ട്രാ ടൈമിലായിരുന്നു ബെല്ലിങ്ങാമിന്റെ വിജയ ഗോള്‍. 36-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പിലൂടെ മുന്നിലെത്തിയ നോര്‍വേയ്ക്കെതിരേ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റ് ഉറപ്പാക്കിയത്. അര്‍ജന്റീന – സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ വിജയികളെ സെമിയില്‍ ഇംഗ്ലണ്ട് നേരിടും. ഈ ലോകകപ്പില്‍ അവിശ്വസനീയ മുന്നേറ്റം നടത്തിയ നോര്‍വേ അങ്ങനെ ക്വാര്‍ട്ടറില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷം മടങ്ങി. വാറിന്റെ ഇടപെടലില്‍ നേടിയ ഒരു ഗോള്‍ നിഷേധിക്കപ്പെട്ടത് നോര്‍വേയ്ക്ക് നിര്‍ഭാഗ്യമായി.
വിരസമായിരുന്നു ആദ്യ അരമണിക്കൂര്‍. റിസ്‌കെടുക്കാതെ ഇരുടീമുകളുടേയും സേഫ് പ്ലേയാണ് കണ്ടത്. 36 -ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ നോര്‍വെ ഞെട്ടിച്ചു. ക്വാപ്റ്റന്‍ ഒഡേഗാര്‍ഡിന്റെ പാസില്‍ ആന്ദ്രേ ഷെല്‍ഡറപ്പിന്റെ തകര്‍പ്പന്‍ ഫിനിഷ്. തൊട്ടുപിന്നാലെ ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം അലക്സാണ്ടര്‍ സൊര്‍ലോത്ത് കളഞ്ഞുകുളിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ബെല്ലിങ്ങാം ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നോര്‍വെ സ്‌കോര്‍ ചെയ്തെങ്കിലും ഫൗള്‍ വിളിച്ച റഫറി ഗോള്‍ അനുവദിച്ചില്ല. ഇരുടീമുകളും ഗോളടിക്കാത്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. തൊട്ടുപിറകെ ഇംഗ്ലണ്ട് ലീഡെടുത്തു. മോര്‍ഗന്‍ റോജേഴ്സിന്റെ ഷോട്ട് പിടിച്ചെടുക്കുന്നതില്‍ ഗോള്‍ കീപ്പര്‍ നീലാന്‍ഡിന് പിഴച്ചു. തക്കം പാര്‍ത്തുനിന്ന ബെല്ലിങ്ങാം റീബൌണ്ടിലൂടെ പന്ത് വലയിലെത്തിച്ചു. ലോകകപ്പില്‍ താരത്തിന്റെ ആറാം ഗോളാണിത്.
ഗോള്‍ തിരിച്ചടിക്കാന്‍ നോര്‍വെ കിണഞ്ഞ് ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി ഇംഗ്ലീഷുകാര്‍ കോട്ട കാത്തു. ഒടുവില്‍ വൈക്കിങ്ങ് ക്ലാപ്സ് ഇല്ലാതെ നോര്‍വെക്ക് നാട്ടിലേക്ക് മടങ്ങാം.

