Spread the love

അന്തരിച്ച പ്രമുഖ ഗായിക എസ് ജാനകിയുടെ ഓർമ്മകൾ പങ്കുവെച്ച്  ആദരാഞ്ജലി അർപ്പിച്ചു സഹപ്രവർത്തകർ

എസ്. ജാനകിയും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും തമ്മിലുള്ള അടുപ്പം പ്രസിദ്ധമാണ്. ആദ്യമായി ജാനകിയമ്മയെ കണ്ടത് ഒരു നവരാത്രിക്കാലത്താണെന്ന് ചിത്ര അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ദാസേട്ടന്റെ മാനേജർ കുഞ്ഞുണ്ണിയുടെ ഭാര്യ നന്ദിനി ചേച്ചിക്കൊപ്പം അമ്മയുടെ അഭിരാമപുരത്തെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ബൊമ്മക്കൊലു വച്ചിട്ടുണ്ടെന്നറിഞ്ഞ് പോയതാണ്. എന്നാൽ ജാനകിയമ്മയെ നേരിൽ കാണുകയായിരുന്നു ഉദ്ദേശ്യം. ആദ്യകൂടിക്കാഴ്ചയിൽ തന്നെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് എന്നെ അമ്മ കീഴടക്കി കളഞ്ഞെന്ന് ചിത്ര പറയുന്നു. നാട്ടുരാഗത്തിലുള്ള സരസീരുഹാക്ഷ എന്ന ഗാനം അവിടെയിരുന്ന് പാടി. ഒരുപിടി സമ്മാനങ്ങളുമായാണ് അന്ന് തിരിച്ചുപോയത്. അന്ന അമ്മ സമ്മാനിച്ച ഹാൻഡ‌് കർച്ചീഫിന്റെ രൂപത്തിലുള്ള ഫോട്ടോ ആൽബവുപം യൂണിബാളിന്റെ വെള്ളനിറമുളള പേനയും ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നുവെന്ന് ചി്ത്ര കൂട്ടിച്ചേർത്തു.

 

ചിലപ്പോൾ സംഗീതദേവത തന്നെയാണ് എനിക്ക് ജാനകിയമ്മ എന്നും ചിത്ര പറഞ്ഞു. അമ്മയോടൊപ്പം കുറേസമയം ചെലവഴിച്ച ശേഷം ഓരോ തവണയും വിടപറയുമ്പോ&ൾ വല്ലാത്ത നഷ്ടബോധം തോന്നും. മനസില്ലാമനസോടെ സ്വന്തം കുഞ്ഞിനെ മറ്റാരെയോ ഏൽപ്പിച്ച് മടങ്ങുമ്പോൾ ഒരു അമ്മയ്ക്ക് തോന്നുന്ന അതേ വികാരം. സംസാരിച്ച് ഫോൺ വച്ചാൽ പോലും വലിയൊരു ശൂന്യത തോന്നും. ഏതോ മുജ്ജന്മ ബന്ധം പോലെ അടുപ്പം എന്നും ചിത്ര പറയുന്നു.

ശ്രീകുമാരൻ തമ്പി

 

വിഖ്യാത ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ അനുശോചിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ചലച്ചിത്രസംഗീത ലോകത്തിനും തന്നെപ്പോലുള്ള അനേകം കലാകാരന്മാർക്കും വലിയൊരു നഷ്ടമാണ് ജാനകിയമ്മയുടെ വിടവാങ്ങലെന്ന് അദ്ദേഹം പറഞ്ഞു.

 

1966 മുതൽ 60 വർഷം നീളുന്ന ആഴത്തിലുള്ള ബന്ധമാണ് ജാനകിയുമായുള്ളത്. എന്റെ ആദ്യ ചലച്ചിത്രഗാനമായ ‘കാട്ടുമല്ലിക’യിലെ ‘താമരത്തോണിയിൽ താലോലമാടി’ എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ചത് ജാനകിയായിരുന്നു. അന്നെനിക്ക് 26 വയസ്സും ജാനകിയമ്മയ്ക്ക് 28 വയസ്സുമായിരുന്നു പ്രായം.

 

യാതൊരുവിധ ഔപചാരിക സംഗീതപഠനവും ജാനകിയമ്മ നടത്തിയിട്ടില്ല എന്നത് അവിശ്വസനീയമായ കാര്യമാണ്. സരിഗമപധനിസയോ വർണങ്ങളോ കീർത്തനങ്ങളോ അവർ പഠിച്ചിട്ടില്ല. സംഗീത സംവിധായകർ പാടിക്കൊടുക്കുമ്പോൾ പി. സുശീല, പി. ലീല, വാണി ജയറാം തുടങ്ങിയ മറ്റ് ഗായികമാർ വരികൾക്കൊപ്പം സ്വരങ്ങളും എഴുതിയെടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, സ്വരങ്ങൾ അറിയാത്ത ജാനകിയമ്മ അങ്ങനെ ചെയ്യാറില്ലായിരുന്നു. പകരം അവർ പാട്ട് കേട്ട് വളരെ പെട്ടെന്ന് ഹൃദിസ്ഥമാക്കി അതിമനോഹരമായി പാടുകയാണ് ചെയ്തിരുന്നത്. സ്വരമേതെന്നറിയാതെ ഒരാൾ പാടിക്കൊടുക്കുന്നത് അതേപടി ഒപ്പിയെടുത്ത് പാടാൻ ജാനകിയമ്മയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല-അദ്ദേഹം ഓർത്തെടുത്തു.

 

“ഞാൻ വെറുതെ പറയുന്നതല്ല അവർ സംഗീത ദേവതയുടെ അവതാരമാണ്. സംഗീത ദേവതയ്ക്ക് ആരും സംഗീതം പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ലല്ലോ,”-അദ്ദേഹം പറഞ്ഞു.