പാലാ നഗരസഭ തർക്കം, ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി എൽ ഡി എഫ്
കോട്ടയം : പാലാ നഗരസഭ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽഡി എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി.
പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കോട്ടയത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ അവിശ്വാസ പ്രമേയം നൽകിയത്.
കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പിൻവലിക്കുന്നതായി പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നടപടി.
പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വം അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തർക്കങ്ങൾ കാരണം ഭരണം അനായാസമായി മുന്നോട്ട് പോകില്ലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. എംപിയും എംഎൽഎയും അടക്കമുള്ള സകല നേതാക്കളും ഇടപെട്ടിട്ടും പ്രശനങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം ഒടുവിലാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഐക്യകണ്ഠേന പ്രമേയം പാസാക്കിയത്.
നഗരസഭയിലെ ചില കൗൺസിലർമാരാണ് സ്വതന്ത്ര കൂട്ടായ്മ്മയ്ക്കെതിരെ ആദ്യം ശബ്ദമുയർത്തിയതെങ്കിലും ഇപ്പോൾ പ്രാദേശിക പാർട്ടി ഒന്നാകെ എതിർപ്പറിയിക്കുകയാണ്. എന്നാൽ പ്രമേയം മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് പുളിക്കകണ്ടം കുടുംബത്തിന്റെ പ്രതികരണം. മുതിർന്ന നേതാക്കൾ ഔദ്യോഗികമായി അറിയിച്ചാൽ നിലപാട് പറയുമെന്നും അവിശ്വാസപ്രമേയത്തിനുള്ള സാഹചര്യം ഒഴിവാക്കുമെന്നും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്

